കണ്ണൂർ സർവകലാശാലയിൽ ബി.ആർ.അംബേദ്കർ സ്കോളർഷിപ്പ് ഏർപ്പെടുത്താൻ തീരുമാനം
1573011
Saturday, July 5, 2025 1:02 AM IST
കണ്ണൂർ: സാന്പത്തികമായി പിന്നാക്കം നിൽക്കുകയും പഠനകാര്യങ്ങളിൽ മികവ് പുലർത്തുകയും ചെയ്യുന്ന വിദ്യാർഥികൾക്കായി ബി.ആർ. അംബേദ്കറുടെ പേരിൽ സ്കോളർഷിപ്പ് ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. വിദ്യാർഥികൾക്ക് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പോളിസി ഏർപ്പടുത്താനും തീരുമാനിച്ചു.അംഗപരിമിതമായവർക്ക് എയ്ഡഡ് കോളജുകളുകളിലും പ്രഫഷണൽ കോളജുകളിലും നിയമനം നടത്തുന്പോൾ നാലു ശതമാനം റിസർവേഷൻ നൽകാനും തീരുമാനിച്ചു. സ്റ്റാറ്റ്യൂട്ടിൽ ഭേദഗത വരുത്തിയാണ് ഇതിന് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.
മറ്റു പ്രധാന തീരുമാനങ്ങൾ: തലശേരിയിൽ ആരംഭിക്കുന്ന ഹെർമൻ ഗുണ്ടർട്ട് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളജിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ടിന് അംഗീകാരം നൽകി. ഡോ. ജോബി കെ. ജോസിനെ രജിസ്ട്രാറായി രണ്ടു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിച്ചു. മാനന്തവാടിയിൽ ആരംഭിക്കുന്ന ശ്രീ ഷൺമുഖ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ടിന് അംഗീകാരം നൽകി. ഗസ്റ്റ് അധ്യാപകരുടെ വേതന വർധനയുമായി ബന്ധപ്പെട്ട് ഇറങ്ങിയ സർക്കാർ ഉത്തരവ് കണ്ണൂരിലും നടപ്പാക്കും. കാസർഗോഡ് കാമ്പസിലെ ബിഎഡ് പ്രോഗ്രാമിൽനിന്നും രണ്ട് ഓപ്ഷണൽ വിഷയങ്ങളായ മാത്തമാറ്റിക്സ് , ഫിസിക്കൽ സയൻസ് എന്നിവ നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിപ്പിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ 29 അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർമാരുടെ സ്ഥാനക്കയറ്റ ശിപാർശ അംഗീകാരം നൽകി. 2024 -25 വാർഷിക കണക്കുകൾക്ക് സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി.