അപകടാവസ്ഥയിലായ പാലങ്ങൾ പുനർനിർമിക്കണം: സജീവ് ജോസഫ് എംഎൽഎ
1572085
Wednesday, July 2, 2025 1:48 AM IST
ശ്രീകണ്ഠപുരം: കാലവർഷം ശക്തമായതോടെ വട്ട്യാംതോട് പാലം, കണ്ടകശേരി പാലം, വണ്ണായിക്കടവ് പാലം തുടങ്ങിയവ അപകടാവസ്ഥയിലാണെന്നും ഇവ പുനർനിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. നഗരസഭാ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിശക്തമായ മഴയിൽ പാലത്തിന് മുകളിലൂടെ വെള്ളംകയറുകയും വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു. പാലത്തിന് മുകളിലൂടെ വെള്ളം കയറി പ്രദേശങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ, പെരുവമ്പറമ്പ് - കല്ലുവയൽ - നെല്ലിക്കാംപോയിൽ തുടങ്ങിയ റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നതായും ഡിസംബറിൽ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി.
നുച്യാട് - മണിക്കടവ് - കാഞ്ഞിരകൊല്ലി റോഡ് നിർമാണത്തിന് പുതിയ കരാറുകാരനെ തെരഞ്ഞെടുത്തതിനാൽ ഉടൻ പ്രവൃത്തി പുനരാരംഭിക്കും. കരുവഞ്ചാൽ - വായാട്ടുപറമ്പ് - പോത്തുകുണ്ട് - നടുവിൽ റോഡ് വീതി കൂട്ടി നവീകരിക്കാൻ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. കരുവഞ്ചാൽ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഗവ. യുപിഎസ് അരീക്കാമല സ്കൂൾ കെട്ടിട നിർമാണം അന്തിമ ഘട്ടത്തിലാണെന്നും ഗവ. എച്ച്എസ്എസ് കണിയഞ്ചാൽ സ്കൂളുകളുടെ കെട്ടിട നിർമാണം പുരോഗമിക്കുന്നു. ഗവ. എൽപിഎസ് പരിപ്പായി സ്കൂൾ കെട്ടിട നിർമാണത്തിന് ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
ബജറ്റ് പ്രവൃത്തികളായ ചുണ്ടപ്പറമ്പ് - വെള്ളാട് -കരുവഞ്ചാൽ റോഡ്, ഉദയഗിരി - അരിവിളഞ്ഞ പൊയിൽ - ജോസ്ഗിരി റോഡ് തുടങ്ങിയവയ്ക്ക് ഭരണാനുമതി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
യോഗത്തിൽ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, എക്സി. എൻജിനിയർ എം. സജിത്ത്, അസി. എക്സി. എൻജിയർമാരായ കെ. പ്രവീൺ, ആശീഷ് കുമാർ, പി. സജിത്ത്, കെ. ഉമാവതി എൻജിനിയർമാരായ എ.എ. ഉണ്ണി, എംസി. രാജൻ, ജി. സ്വപ്ന, എൻ.കെ. സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.