കർഷകർക്ക് നഷ്ടപരിഹാരം നൽകണം: കെ.കെ. ശൈലജ
1571478
Monday, June 30, 2025 12:54 AM IST
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തു നിന്ന് അനിയന്ത്രിതമായ തോതിൽ വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് കൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും വിമാനത്താവളത്തിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കെ.കെ. ശൈലജ എംഎൽഎ ആവശ്യപ്പെട്ടു.
രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ രണ്ടിന് കണ്ണൂർ കളക്ടറേറ്റിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. കൃഷിനാശം നേരിട്ട സ്ഥലങ്ങൾ ശൈലജ സന്ദർശിച്ചു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കൗൺസിലർ പി.കെ. നിഷ, സിപിഎം ലോക്കൽ സെക്രട്ടറി വി.പി. ഇസ്മയിൽ, വി.കെ. ലക്ഷ്മണൻ, കെ. മണി തുടങ്ങിയവരും കർഷകരും എംഎൽഎയുടെ കൂടെയുണ്ടായിരുന്നു.