കോൺഗ്രസ് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
1571759
Tuesday, July 1, 2025 12:58 AM IST
കണ്ണൂർ: കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവയ്പ്പിടുത്തിട്ടും പേവിഷബാധയേറ്റ് അഞ്ചു വയസുകാരനയ ഹാരിത്ത് എന്ന വിദ്യാർഥി മരിക്കാനിടയായത് ജില്ലാ ആശുപത്രിയുടെ വീഴ്ചയാണെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഓഫീസിൽ ഉപരോധിച്ചു.
കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോ. ഷാജിനെ ഇന്നലെ രാവിലെ ഉപരോധിച്ചത്. സമരക്കാരെ പോലീസ് ഇവിടെ നിന്ന് ബലം പ്രയോഗിച്ച് നീക്കി. പിന്നീട് പ്രവർത്തകർ ഒപി വിഭാത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു നീക്കി.രാഹുൽ കായക്കൂൽ, ഷിബിൻ, ഡൂഡു ജേക്കബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് കോർപറേഷൻ കൗൺസിലർമാരായ ആസിമ, ജയസൂര്യൻ, നേതാക്കളായ ഷിബു ഫെർണാണ്ടസ്, പി.അനൂപ്,വിനോദ് പുതുക്കുടി, ഗിരീഷൻ നാമത്ത്, ഷീജ അനിൽ എന്നിവർ നേതൃത്വം നൽകി.
മുഖത്ത് കടിയേറ്റ ഹാരിത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ കിടത്തിചികിത്സ ഉൾപ്പടെയുള്ള ലഭ്യമാക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നായിരുന്നു സമരക്കാരുടെ ആരോപണം. എന്നാൽ ജില്ലാ ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകിയിരുന്നുവെന്നും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ റഫർ ചെയ്യുകയുമായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
പയ്യാന്പലത്ത് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഹാരിത്തിന് മേയ് 31ന് തെരുവ്നായയുടെ കടിയേറ്റത്. ഇക്കഴിഞ്ഞ 28നായിരുന്നു കുട്ടി മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ മണിമാരൻ-ജാതിയ ദന്പതികളുടെ ഏകമനായിരുന്നു യുകെജി വിദ്യാർഥിയായ ഹാരിത്ത്.
പ്രതിഷേധവുമായി
കെജിഎംഒഎ
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റു അഞ്ചു വയസുള്ള കുട്ടി മരിച്ച അത്യന്തം ദുഃഖകരമായ സംഭവത്തിൽ കെജിഎംഒഎ അനുശോചിച്ചു. എന്നാൽ ഈ സംഭവത്തിൽ ആശുപത്രിയിൽ വീഴ്ച ആരോപിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച സംഭവത്തി ൽ സംഘടന ശക്തമായി പ്രതിഷേധിച്ചു. മുഖത്ത് കടിയേറ്റതിന്റെ ഗുരുതരത്വം കണക്കിലെടുത്ത് കുട്ടിയുടെ കൂട്ടിരിപ്പുകാരെ ഈ ആശങ്കകൾ വിശദീകരിച്ച് ബോധവത്കരിച്ചശേഷം കുട്ടിയെ പരിയാരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
മുഖത്ത് തെരുവ് നായ കടിയേറ്റാൽ രോഗാണുക്കൾ ഉടൻ മസ്തിഷ്കത്തിലേക്ക് എത്താൻ സാധ്യത കൂടുതലാണെന്നത് ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണ്. അതിനാൽ തന്നെ, ഇത്തരത്തിലുള്ള സംഭവങ്ങളിൽ പേവിഷബാധയിലേക്ക് നയിക്കുന്ന സാധ്യത വളരെ ഉയർന്നതാണ്.ഈ ദു:ഖകരമായ സംഭവത്തിൽ, ആശുപത്രിയെയോ അതിന്റെ സൂപ്രണ്ടിനെയോ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ശക്തമായി അപലപിക്കുന്നതായും പ്രസിഡന്റ് ഡോ. വി.എസ്. ജിതിനും സെക്രട്ടറി ഡോ. രഞ്ജിത്ത് മാത്യുവും പ്രസ്താവനയിൽ പറഞ്ഞു.