സിന്‍ഡിക്കറ്റിനെ നോക്കുകുത്തിയാക്കി ബിഎഡ് കോഴ്സുകള്‍ റദ്ദാക്കി
1571490
Monday, June 30, 2025 12:55 AM IST
കാസര്‍ഗോഡ്: കണ്ണൂര്‍ സര്‍വകലാശാലയുടെ കാസര്‍ഗോഡ് വിദ്യാനഗറിലെ ചാല ബിഎഡ് സെന്ററില്‍ മാത്തമാറ്റിക്സ്, ഫിസിക്കല്‍ സയന്‍സ് കോഴ്സ് ഓപ്ഷന് വൈസ്ചാന്‍സലര്‍ റദ്ദാക്കിയത് സിന്‍ഡിക്കറ്റിനെ മറികടന്ന്. കാമ്പസിനെ സജീവമാക്കിയിരുന്ന ബഹുഭാഷാ പഠനകേന്ദ്രം അടച്ചതിനു പിന്നാലെയാണ് കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസമേഖലയില്‍ ഒരു പൂട്ടുകൂടി വീണത്.
സര്‍വകലാശാല റജിസ്ട്രാറും ഒരു സിന്‍ഡിക്കറ്റ് അംഗവും ഉള്‍പ്പെട്ട ഉപസമിതിയുടെ ശിപാര്‍ശ എന്ന പേരില്‍ വെറും ഫയല്‍ മുഖേന എടുത്ത തീരുമാനത്തിലൂടെയാണ് സിന്‍ഡിക്കറ്റ് അംഗീകാരമില്ലാതെ കോഴ്സുകള്‍ റദ്ദാക്കിയതെന്നാണ് ആരോപണം. കോഴ്സുകള്‍ അനുവദിക്കുക, ഒഴിവാക്കുക, അധ്യാപകരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സിന്‍ഡിക്കറ്റിന്റെ തീരുമാനം നിര്‍ണായകമാണ്.
കോഴ്സുകള്‍ ഒഴിവാക്കുന്ന വിവരം സംബന്ധിച്ച ഉത്തരവ് ഇറങ്ങിയപ്പോഴാണു സിന്‍ഡിക്കറ്റ് അംഗങ്ങളും അധ്യാപകരും ഉള്‍പ്പെടെ അറിഞ്ഞത് എന്നാണ് പറയുന്നത്. കാമ്പസുകള്‍ ഓരോന്നായി അടച്ച് വിദ്യാര്‍ഥികള്‍ക്കുള്ള അവസരം നിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഈ രഹസ്യനീക്കമെന്ന ആരോപണവുമുണ്ട്. രണ്ടു കോഴ്സ് റദ്ദാക്കിയാല്‍ രണ്ട് അധ്യാപക തസ്തിക കുറയും.
ചെലവ് കുറയ്ക്കാന്‍ എന്ന പേരില്‍ കോഴ്സുകള്‍ റദ്ദാക്കുമ്പോള്‍ നഷ്ടമാകുന്നത് ഈ മേഖലയിലെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ അവസരമാണ്. സ്വകാര്യസ്ഥാപനങ്ങള്ക്കുവേണ്ടിയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കോഴ്സുകള്‍ വെട്ടിക്കുറച്ചതെന്നും ആരോപണവുമുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തി ജില്ലയെന്ന നിലയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഭാഷാ ന്യൂനപക്ഷ പരിഗണനപോലും ലംഘിച്ചാണ് രണ്ടു കോഴ്സുകളും റദ്ദാക്കിയതെന്നും പരാതികളുണ്ട്.
റിട്ട. ചീഫ് സെക്രട്ടറി പി. പ്രഭാകരന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച സമഗ്ര കാസര്‍ഗോഡ് വികസന പാക്കേജ് നിര്‍ദേശങ്ങള്‍ക്കും സര്‍വകലാശാലയുടെ തീരുമാനം വിരുദ്ധമാണ്. ആവശ്യത്തിന് വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം കാരണം അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തില്‍ പലരും പകുതിവഴിയില്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതമാകുന്നതായി പ്രഭാകരന് കമ്മിഷന് സംസ്ഥാന സർക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂലൈ നാലിനു ചേരുന്ന സിന്‍ഡിക്കറ്റ് യോഗം കാസര്‍ഗോഡ് ചാല കേന്ദ്രത്തിലെ രണ്ടു കോഴ്സുകള്‍ റദ്ദാക്കിയ തീരുമാനം ചര്‍ച്ച ചെയ്തേക്കും.
12 അംഗ സിന്‍ഡിക്കറ്റ് തീരുമാനം ഈ കോഴ്സുകള്‍ പുനഃസ്ഥാപിക്കുന്നതിന് നിര്‍ണായകമാകും.
കോഴ്സുകള്‍ റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്ത ഉപസമിതിയെയും റദ്ദാക്കാന്‍ ഉത്തരവിട്ട വിസിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കോഴ്സുകള്‍ നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും ജില്ലയും.