വട്ട്യാംതോട് പുതിയ പാലം വേണം; ആവശ്യം ശക്തമാകുന്നു
1571477
Monday, June 30, 2025 12:54 AM IST
ഉളിക്കൽ: വട്ട്യാംതോട് പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഉളിക്കൽ- മണിക്കടവ് - കാഞ്ഞിരക്കൊല്ലി മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് വാട്ട്യാംതോട് പാലം. മൂന്ന് പതിറ്റാണ്ട് മുന്പാണ് നാട്ടുകാരുടെ ശ്രമഫലമായി വയത്തൂർ പുഴയ്ക്ക് കുറുകെ ജനകീയ പാലം നിർമിച്ചത്. പാലത്തിന്റെ ഉയരക്കുറവ് കാരണം മഴക്കാലത്ത് മൂന്നും നാലും തവണ പാലത്തിൽ വെള്ളം കയറി യാത്ര തടസപ്പെടുന്നത് പതിവാണ്. ഈ വർഷം രണ്ടുതവണ പാലത്തിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു.
പാലത്തിൽ വെള്ളം കയറിയാൽ മണിക്കടവ്, കാഞ്ഞിരക്കെല്ലി ഭാഗത്തേക്ക് ഗതാഗതം മുടങ്ങും. വർഷങ്ങൾക്ക് മുമ്പുള്ള മഴവെള്ള പാച്ചിലിൽ പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. കഴിഞ്ഞ ദിവസം പാലത്തിൽ നിന്നു പുഴയിലേക്ക് മറിഞ്ഞ കാർ അദ്ഭുതകരമായി വള്ളിപ്പടർപ്പുകളിൽ കുടുങ്ങി നിന്നു. ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രം വീതിയുള്ള പാലത്തിൽ കൈവരികൾ ഇല്ലാത്തത് അപകടങ്ങൾ വർധിപ്പിക്കുകയാണ്.
വട്ട്യാംതോട് ജനകീയ പാലം
കുടിയേറ്റ ചരിത്രത്തിന്റെ സ്മാരകം എന്നുവേണം വട്ട്യാംതോട് ജനകീയ പാലത്തെ വിശേഷിപ്പിക്കാൻ. പൂർണമായും നാട്ടുകാരുടെ സഹകരണത്തോടെ മൂന്ന് മീറ്റർ വീതിയും 35 മീറ്റർ നീളവും വരുന്ന വട്ട്യാംതോട് ജനകീയ പാലത്തിന്റെ നിർമാണം 1988 മാർച്ചിലാണ് ആരംഭിച്ചത്.
കെ.സി. ജോസഫ് എംഎൽഎയുടെ ഇടപെടലിലൂടെ തദ്ദേശ സ്വയം ഭരണ വകുപ്പിനെക്കൊണ്ട് അനുവദിച്ച ധനസഹായവും തലശേരി അതിരൂപതയിലെ ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വള്ളോപള്ളി, മാർ ജോർജ് വലിയമറ്റം എന്നിവരുടെ ശ്രമഫലമായി ജർമനിയിലെ കോളോൺ രൂപതയിൽ നിന്നു ലഭിച്ച തുകയും നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത തുകയും ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 1993 മേയ് ഒന്പതിന് കെ.സി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ധനമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി പാലം ഉദ്ഘാടനം ചെയ്തു.
സർക്കാർ ഞങ്ങളുടെ ജീവൻ
അപകടത്തിന് വിട്ടുകൊടുക്കുന്നു
സർക്കാർ ഞങ്ങളുടെ ജീവൻ അപകടത്തിന് വിട്ടുകൊടുക്കുന്നു. അപകടാവസ്ഥയിലായ പാലത്തിലൂടെ ഓരോ മഴക്കാലത്തും പ്രദേശവാസികൾ യാത്രചെയ്യുന്നത് ഭീതിയോടെയാണ്. വയത്തൂർ പുഴയിൽ ഉളിക്കൽ പഞ്ചായത്തിന്റെ പരിധിയിലെ പ്രധാനപ്പെട്ട വട്ട്യാംതോട്, മണിക്കടവ്, വയത്തൂർ, നുച്യാട് തുടങ്ങി നാലു പാലങ്ങളാണ് അപകടാവസ്ഥയിൽ ഉള്ളത്.
ഓരോ പാലവും ഒന്നിനൊന്ന് പ്രാധാന്യം അർഹിക്കുന്നതാണ്. പ്രാധാന്യം കണക്കിലെടുത്ത് ഓരോ പാലവും സമയബന്ധിതമായി പൂർത്തിയാക്കണം. മണിക്കടവ് ചപ്പാത്ത് പാലത്തിൽ ജീപ്പ് ഒഴുക്കിൽപെട്ട് യുവാവ് മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
-പി.സി. ഷാജി-
(ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്)