നടാലിൽ എൻഎച്ചിലേക്കുള്ള പ്രവേശനം ആവശ്യപ്പെട്ട് ഒന്നു മുതൽ ബസ് സമരം
1571390
Sunday, June 29, 2025 7:37 AM IST
കണ്ണൂർ: തോട്ടട-നടാൽ വഴി തലശേരിയിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് എൻഎച്ച് 66ൽ നേരിട്ടു പ്രവേശിക്കാൻ വഴിയൊരുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഈ റൂട്ടിലോടുന്ന ബസുകൾ ജൂലൈ ഒന്നു മുതൽ പണിമുടക്കും. ഇന്നലെ ചേർന്ന കണ്ണൂർ ഡിസ്ട്രിക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോ-ഓഡിനേഷൻ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാലുമുതൽ കണ്ണൂർ-തലശേരി ബസ്സ്റ്റാൻഡുകളിലൂടെ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും തോട്ടട-കിഴുന്നപ്പാറ, എടക്കാട്-ചക്കരക്കല്ല് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും പണിമുടക്കും. എന്നിട്ടും പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ബസ് സർവീസുകളും നിർത്തിവച്ച് സമരം നടത്താൻ കോ-ഓഡിനേഷൻ കമ്മിറ്റിയോഗം തീരുമാനിച്ചു. ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു.