ചികിത്സാപ്പിഴവില്‍ പതിനേഴുകാരൻ മരിച്ച സംഭവം : പോലീസിനും മനുഷ്യവകാശ കമ്മിഷനും ഡിഎംഒ നല്‍കിയത് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍
1571391
Sunday, June 29, 2025 7:37 AM IST
കണ്ണൂര്‍: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ പോലീസിനും മനുഷ്യാവകാശ കമ്മീഷനും ഡിഎംഒ നല്‍കിയത് വ്യത്യസ്ത റിപ്പോർട്ടുകൾ. ആദ്യം മനുഷ്യവകാശ കമ്മീഷന് ഡോക്ടുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നല്‍കിയത്.
എന്നാൽ, പോലീസിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ആശുപത്രി രേഖകളിൽ മാറ്റം വരുത്തിയാണ് നല്‍കിയത്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രി രേഖകള്‍ തിരുത്തിയെന്ന് വ്യക്തമായിട്ടും ചികിത്സ നടത്തിയ ഡോക്ടറെ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് സംരക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കണ്ണാടിപ്പറന്പിലെ സൂര്യജിത്ത് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ഇഎന്‍ടി ക്ലിനിക്കില്‍ തൊണ്ടയിലെ ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാംനാള്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലുണ്ടായ വീഴ്ചയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. രക്തം ഛർദിച്ച കുട്ടിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ നിര്‍ദേശ പ്രകാരം എത്തിച്ചത് മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ്. അവിടെ വച്ചായിരുന്നു മരണം.
അതേസമയം, പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിയന്തര ചികിത്സ നല്‍കിയെന്നാണ് പറയുന്നത്. ഡിഎംഒയുടെ ഓഫീസില്‍ നിന്ന് രണ്ടുതരം കണ്ടെത്തലുണ്ടായത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് സൂര്യജിത്തിന്റെ അമ്മ അനില പറഞ്ഞു. സ്വകാര്യ ആശുപത്രയിൽ ആറ് മണിക്കൂറോളം കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്നും അനില പറഞ്ഞു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം. കൂടാതെ സംസ്ഥാന പോലീസ് മേധാവിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നല്‍കിയിട്ടുണ്ട്.