ഓട്ടോയ്ക്ക് മുകളിൽ തെങ്ങും വൈദ്യുതത്തൂണും പൊട്ടിവീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1571414
Sunday, June 29, 2025 7:37 AM IST
തലശേരി: യാത്രക്കാരുമായി ട്രിപ്പ് നടത്തുകയായിരുന്ന ഓട്ടോറിക്ഷയക്ക് മേൽ തെങ്ങും വൈദ്യുത തൂണും പൊട്ടി വീണു. ഡ്രൈവർ ഉൾപ്പടെ ഓട്ടോയിലുണ്ടായിരുന്ന നാലുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ടെന്പിൾ ഗേറ്റ് വാടിക്കൽ ജംഗ്ഷനിൽ ഇന്നലെ ഉച്ച കഴിഞ്ഞ മൂന്നോടെയായിരുന്നു സംഭവം. വടകര കണ്ണൂക്കരയിൽ നിന്നും മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് വരികയായിരുന്നു ഓട്ടോ റിക്ഷ. റോഡരികിലെ പറന്പിലെ തെങ്ങ് പൊട്ടി വൈദ്യുത തൂണിൽ വീഴുകയും വൈദ്യുത തൂണും തെങ്ങും ഓട്ടോയ്ക്കു മേൽ പതിക്കുകകയുമായിരുന്നു.
ഒഞ്ചിയം സ്വദേശി കൈതോകുന്നുമ്മൽ കെ.കെ. മുരളിയുടെതാണ് ഓട്ടോ. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, കൗൺസിലർ കെ. അജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.