കരുവഞ്ചാലിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി
1571485
Monday, June 30, 2025 12:55 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ ഹണി ഹൗസിന് സമീപം പൂട്ടിയിട്ട വീടിന്റെ പരിസരത്തു നിന്ന് അസ്ഥികൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ റൂറൽ കെ 9 ഡോഗ് സ്കോഡിലെ ലോലയും കണ്ണൂർ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രവാസിയായ കുളത്തിനാൽ ബിജുവിന്റെ പൂട്ടിയിട്ട വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം തലയോട്ടി ഉൾപ്പെടെയുള്ള മനുഷ്യ ശരീരഭാഗങ്ങളുടെ അസ്ഥികൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലക്കോട് പോലീസ് സംഭവ സ്ഥലത്ത് കാവൽ ഏർപ്പെടുത്തുകയും ഞായർ രാവിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയുമായിരുന്നു.
ഇന്നലെ നടത്തിയ തെരച്ചിലിൽ സ്ഥലത്തുനിന്നും നട്ടെല്ല്, വാരിയെല്ലുകൾ, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികൾ എന്നിവ കണ്ടെത്തി. കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷർട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷർട്ടിന്റെ കീശയിൽ നിന്ന് പച്ച നിറത്തിലുള്ള ചെറിയ നീളൻ ചീർപ്പ്, ചുണ്ണാമ്പിന്റെ ചെറിയ കുപ്പി, മടക്കിവച്ച രീതിയിൽ നോട്ടുകൾ, പഴയ മോഡൽ മൊബൈൽ ഫോൺ എന്നിവയും കണ്ടെത്തി. ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ ശേഖരിച്ച അസ്ഥികൾ പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തുള്ള കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.