കേരളത്തിൽ തൊഴിൽ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കും: മുഖ്യമന്ത്രി
1571760
Tuesday, July 1, 2025 12:58 AM IST
കണ്ണൂർ: കേരളത്തിൽ തൊഴിൽ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായി കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ വൈജ്ഞാനിക മേഖലയാക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളേജിന്റെ സുവർണ ജൂബിലി ആഘോഷവും കോളജ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബി പദ്ധതി പ്രകാരം കോളജിൽ 13 കോടിയുടെ നിർമാണ പ്രവർത്തനങ്ങളും അക്കാദമിക് ബ്ലോക്ക്, കാന്റീൻ കം സെമിനാർ കോംപ്ലക്സ്, ലൈബ്രറി ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണവും നടത്തുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഡോ ആർ. ബിന്ദു പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കഥാകാരൻ ടി. പദ്ഭനാഭൻ, കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കെ.വി. സുമേഷ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ എന്നിവർ മുഖ്യാതിഥികളായി.
വയനാട് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനകളുടെ നിർമാണത്തിന് നാഷണൽ സർവീസ് സ്കീം ഒന്നാംഘട്ടമായി സമാഹരിച്ച 4.5 കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.