വീട്ടിൽ കയറി തെരുവുനായയുടെ പരാക്രമം; ഗൃഹനാഥന് ഗുരുതരം
1571413
Sunday, June 29, 2025 7:37 AM IST
പഴയങ്ങാടി: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശി ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കണ്ണാടിപ്പറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യ വീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മുഖത്തും കണ്ണിന് മുകളിലും തലയ്ക്കും പരിക്കേറ്റ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തു.
കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.