ആറളത്ത് പകൽ സമയത്തും കാട്ടാന
1571409
Sunday, June 29, 2025 7:37 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നലെ രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറിപ്പൊയത്. ആറളത്ത് രണ്ട് മോഴയാനകളാണ് ഭീഷണിയാകുന്നത്.
ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ വെള്ളി, ലീല ദമ്പതികളെ അക്രമിച്ച് കൊലപ്പെടുത്തിയത് മോഴയാന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടുപിടിച്ച പ്രദേശങ്ങളിലാണ് കാട്ടാനകൾ തങ്ങുന്നത്.
രാത്രികാലങ്ങളിൽ ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. നാലു മാസത്തിനകം 17 കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്. ആർആർടി ഉൾപെടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആനകളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്.