ദേശീയപാത നിർമാണത്തിലെ അപാകതകൾ വിദഗ്ധസമിതി പഠിക്കണമെന്ന്
1571389
Sunday, June 29, 2025 7:37 AM IST
കണ്ണൂർ: ദേശീയപാത നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് ദേശീയപാത അഥോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
എൻഎച്ച് 66 ലെ ചെറുവത്തൂർ കാര്യങ്കോട് മുതൽ മുഴുപ്പിലങ്ങാട് വരെ നിർമാണത്തിൽ പരാതിയുള്ള സ്ഥലങ്ങൾ സമിതി സന്ദർശിച്ചു. ഭൂപ്രകൃതിയും സാമൂഹിക സവിശേഷതകളും പരിഗണിക്കാതെയുള്ള റോഡ് നിർമാണമാണ് നടത്തിയത്. ചെങ്കൽക്കുന്നുകളും തോടുകളും വയലും നിറഞ്ഞ പ്രദേശത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. റോഡ് നിർമാണത്തിന് കേന്ദ്ര സർക്കാരിനു കീഴിലെ ദേശീയ റോഡ് കോൺഗ്രസ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയങ്ങളുടെ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് നിർമാണം നടത്തിയതെന്നു കാണാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
മഴയിൽ റോഡിൽ കുഴി രൂപപ്പെട്ടാൽ പിഴവ് തീർക്കാതെ കുഴിയടയ്ക്കുന്നത് വീണ്ടും പ്രശ്നത്തിനിടയാക്കും. സിമന്റ് മിശ്രിതം, ഗ്രൗട്ടിംഗ് എന്നിവ ഉപയോഗിച്ച് ഭൂഗർഭ പ്രവാഹങ്ങളും നീരുറവകളും തടസപ്പെടുത്തിയത് ചിലയിടത്ത് കുടിവെള്ള ക്ഷാമത്തിനും മറ്റു ചിലയിടങ്ങളിൽ കിണർജലം മലിനമാകാനും ഇടയാക്കി. അണ്ടർ പാസുകളുടെ അശാസ്ത്രീയ നിർമാണം അപകടം കൂട്ടുമെന്നും അടിപ്പാതയിൽ നിന്ന് സർവീസ് റോഡുകളിലേക്ക് കടക്കുന്നിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ പരിസ്ഥിതി ഏകോപന സമിതി ഭാരവാഹികളായ ടി.പി. പദ്മനാഭൻ, എൻ. സുബ്രഹ്മണ്യൻ, കെ.ഇ. കരുണാകരൻ, സി. വിശാലാക്ഷൻ, സി. ദിവാകരൻ എന്നിവർ പങ്കെടുത്തു.