ബാരാപോൾ ജലവൈദ്യുത പദ്ധതി കനാലിലെ തകർച്ച: സോയിൽ പൈപ്പിംഗ് പ്രതിഭാസമെന്ന് പ്രാഥമിക നിഗമനം
1571763
Tuesday, July 1, 2025 12:58 AM IST
ഇരിട്ടി: ബാരാപോൾ പദ്ധതിയുടെ കനാലിൽ ഉണ്ടായ ചോർച്ച പഠിക്കാനായി ഇന്നലെ കോഴിക്കോട് നിന്ന് എത്തിയ സിവിൽ വിഭാഗം ഉദ്യോഗസ്ഥർ ഗർത്തത്തിൽ ഇറങ്ങി പരിശോധന നടത്തി. ആറു മീറ്റർ ആഴവും നാലുമീറ്റർ വീതിയും ഏഴു മീറ്റർ നീളവുമുള്ള അഗാധ ഗർത്തമാണ് കനാലിനടിയിൽ രൂപപ്പെട്ടത്.
കനാലിന്റെ അടിയിൽ നടന്നത് സോയിൽ പൈപ്പിംഗ് ആണെന്ന് സ്ഥിരീകരിച്ചു. കനാലിന് അടിയിലെ മണ്ണ് ഒഴുകിപ്പോകുകയും വലിയ കല്ലുകൾ മാത്രം അവശേഷിക്കുകയുമാണുണ്ടായത്. കനാലിൽ നിന്ന് ചോർച്ചയുണ്ടായി അതുവഴി വെള്ളം ഭൂമിക്കടിയിലൂടെ ഒഴുകിയതോടെ മണ്ണ് നഷ്ടമായി ഗർത്തം രൂപപ്പെടുന്നതാണ് സോയിൽ പൈപ്പിംഗ്.
കനാലിലെ വെള്ളം വറ്റിച്ചതിനാൽ വലിയ അപകടം ഒഴിവായതായി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ബാരാപോൾ കനാലിലെ ചോർച്ച സോയിൽ പൈപ്പിംഗ് പ്രതിഭാസമാണെന്ന് ജിയോളജി വിഭാഗത്തിന്റെ പരിശോധനയിലും കണ്ടെത്തിയിരുന്നു. കനാലിന്റെ അടിത്തട്ടിനടിയിലെ മണ്ണ് സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിലൂടെ ഒഴുകിപ്പോയതിനാൽ മണ്ണ് ഇടിഞ്ഞുതാഴുകയും കനാലിന്റെ ഉപരിതലം കോൺക്രീറ്റോടുകൂടി ഇടിഞ്ഞുതാഴുകയുമായിരുന്നു. അടുത്തയാഴ്ച വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും. മുന്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോർച്ച അനുഭവപ്പെടുന്ന 500 മീറ്റർ ദൂരം 15 കോടി ചെലവിൽ പുനർനിർമിക്കാൻ കെഎസ്ഇബി സിവിൽ വിഭാഗം പദ്ധതി രൂപരേഖ നൽകിയിരുന്നു.
അതിനിടയിലാണ് കനാലിൽ വലിയ ഗർത്തം രൂപപ്പെട്ടത്. എന്നാൽ 1.4 കിലോമീറ്റർ പുനർനിർമാണം നടത്താതെ വൈദ്യുതി ഉത്പാദനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. 1.4 കിലോമീറ്റർ കനാൽ കോൺക്രീറ്റ് ചെയ്യാൻ 45 കോടിയോളം ചെലവ് വരും. നിർമാണത്തിനായി കുറഞ്ഞത് 20 മാസം വേണമെന്നാണ് കണക്കുകൂട്ടൽ. നാലു കിലോമീറ്റർ വരുന്ന കനാല് ശൃംഖലയിൽ 1.4 കിലോമീറ്റർ ദൂരം കോൺക്രീറ്റ് നടത്താതെയാണ് നിർമിച്ചത്.
ഈ ഭാഗത്തുകൂടിയാണ് തുടക്കം മുതൽ ചോർച്ച കണ്ടെത്തിയത്. ഓരോ ഉത്പാദന സീസണിലും ചോർച്ച അധികരിക്കുമ്പോഴും പഞ്ചായത്തും പ്രദേശവാസികളും പ്രക്ഷോഭവുമായി എത്തിയെങ്കിലും അധികൃതർ വേണ്ടത്ര പരിഗണന നൽകാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണം.
കോഴിക്കോട് കെഎസ്ഇബി സിവിൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി.ടി. അബ്ദുൾ കരീം, എക്സിക്യുട്ടീവ് എൻജിനിയർ മണികണ്ഠൻ അസിസ്റ്റന്റ് എൻജിനിയർമാരായ ഡൈസൺ ചന്ദന, പി. ഷിബു, എം.സി. ഗിരീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബാരാപോളിന്റെ ചുമതലയുള്ള പഴശി സിവിൽ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ കെ.സി. അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എം.കെ. അജിത്ത് അസിസ്റ്റന്റ് എൻജിനിയർമാരായ ടി.പി. മനോജ്, എം. കിഷോർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.