എംവിആറിനെ ഞെട്ടിച്ച പൊള്ളയിൽ അമ്പാടി
1571765
Tuesday, July 1, 2025 12:58 AM IST
നീലേശ്വരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.രാഘവൻ സിപിഎമ്മിലെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായിരുന്ന കാലത്ത് അദ്ദേഹത്തെ വെല്ലുവിളിക്കാനുള്ള ഉശിരും ആർജവവും കാണിച്ച കമ്യൂണിസ്റ്റുകാരനായിരുന്നു പൊള്ളയിൽ അമ്പാടി. 1972 ൽ സിറ്റിംഗ് എംഎൽഎ വി.വി.കുഞ്ഞമ്പുവിന്റെ നിര്യാണത്തെ തുടർന്ന് നീലേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന സമയത്തായിരുന്നു അത്.
സ്ഥാനാർഥി നിർണയത്തിനായി ചെറുവത്തൂരിൽ പാർട്ടി ഏരിയ, ലോക്കൽ സെക്രട്ടറിമാരുടെ കൺവൻഷൻ വിളിച്ചുചേർത്തു. കയ്യൂരിൽ നിന്നുള്ള പ്രാദേശിക നേതാവായ ടി.കെ.ചന്തനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു നീലേശ്വരം മണ്ഡലത്തിലെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ ജില്ലാ കമ്മിറ്റി അംഗമായ സി. കൃഷ്ണൻ നായരുടെ പേരാണ് ജില്ലാ കമ്മിറ്റി നിർദേശിച്ചത്. നീലേശ്വരം ലോക്കൽ സെക്രട്ടറി എൻ.കെ. കുഞ്ഞമ്പു പ്രതിഷേധവുമായി എഴുന്നേറ്റപ്പോൾ എതിർപ്പുള്ളവർക്ക് യോഗത്തിൽനിന്ന് പുറത്തുപോകാമെന്ന് എംവിആർ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയോട് ഉത്തരവാദിത്വവും കൂറുമുള്ള അംഗങ്ങളോട് യോഗത്തിൽനിന്ന് പുറത്തുപോകാൻ പറയാൻ നിങ്ങൾക്ക് ഒരവകാശവുമില്ലെന്ന് ഉടൻ അമ്പാടി തുറന്നടിച്ചു. എം.വി. രാഘവനാണ് പറയുന്നത് എന്ന് എംവിആർ തന്റെ ഘനഗംഭീരസ്വരത്തിൽ പറഞ്ഞയുടനെ ഇത് നീലേശ്വരത്തെ പൊള്ളയിൽ അമ്പാടിയാണെന്ന് അതേ ഗാംഭീര്യത്തോടെ അമ്പാടിയും മറുപടി നല്കി. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും എൻ.കെ. കുഞ്ഞമ്പുവിന്റെയും അമ്പാടിയുടെയും നിലപാടിനൊപ്പം ഉറച്ചുനിന്നതോടെ ജില്ലാ കമ്മിറ്റിക്ക് മുട്ടുമടക്കേണ്ടിവന്നു.
നീലേശ്വരത്തുകാർ നിർദേശിച്ച ടി.കെ. ചന്തനെ തന്നെ സ്ഥാനാർഥിയായി അംഗീകരിച്ചു. മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. ഒരുവർഷത്തിനിപ്പുറം നീലേശ്വരം പള്ളിക്കര തോക്ക് കേസിൽ പാർട്ടിക്കുവേണ്ടി ഒരുമിച്ച് സമരം നയിച്ച് എംവിആറും അമ്പാടിയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തു.