പൊതുശൗചാലയത്തിൽ നിന്ന് മാലിന്യങ്ങൾ പഴശി പദ്ധതിയിലേക്ക് ഒഴുക്കിയതായി പരാതി
1571410
Sunday, June 29, 2025 7:37 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിന് ജനങ്ങൾ ദിവസവും എത്തുന്ന താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ നല്ലൊരു പൊതുശൗചാലയം പോലും ഇല്ലെന്നതാണ് യാഥാർഥ്യം.
ജില്ലയിൽ നിന്ന് കർണാടകയിലേക്ക് ഉൾപ്പെടെ നിരവധി അന്തർസംസ്ഥാന യാത്രക്കാർ എത്തുന്ന ഇരിട്ടിയുടെ പിന്നാമ്പുറ കാഴ്ചകളാണ് ഇവയെല്ലാം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പൊതുശൗചാലയം അഞ്ചു ദിവസമായ അടഞ്ഞു കിടക്കുകയാണ്.
കക്കൂസ് മാലിന്യം നിറഞ്ഞ് പഴശി പദ്ധതിയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ബന്ധപ്പെട്ടവർ എത്തി അടച്ചിടുകയായിരുന്നു. രണ്ടുദിവസം അടഞ്ഞുകിടന്നതിനുശേഷം മൂന്നാംദിവസം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നെങ്കിലും വീണ്ടും പഴയതിലൂം രൂക്ഷമായ ദുർഗന്ധം പുറത്തേക്ക് വ്യാപിച്ചതോടെ വീണ്ടും അധികൃതർ എത്തി അടപ്പിച്ചു.
ടാങ്കിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തതിനുശേഷം തുറക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. ഇതിനുപിന്നാലെ ശൗചാലയത്തിൽ നിന്നുള്ള മാലിന്യങ്ങൾ പഴശി പദ്ധതിയിലേക്കാണ് ഒഴുക്കിവിടുന്നതെന്ന ആക്ഷേപം ശക്തമായി. പൊതുശൗചാലത്തിനോടു ചേർന്നുള്ള നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിലെ ഓവുചാലിൽ നിന്നും വലിയ ദുർഗന്ധത്തോടെ മലിനജലം പഴശി സംഭരണിയുടെ കുടിവെള്ളത്തിലേക്ക് ഒഴുകുന്നതും ഇതിന് തെളിവായി കാണാൻ കഴിയും.
പ്രദേശമാകെ ദുർഗന്ധം നിറഞ്ഞു നിൽക്കുമ്പോഴും നഗരസഭാ ആരോഗ്യ വിഭാഗത്തിന് ദുർഗന്ധം തിരിച്ചറിയാൻ കഴിയുന്നില്ല. പൊതുശൗചാലയം അടഞ്ഞുകിടക്കുന്നതോടെ സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ബസ് തൊഴിലാളികൾക്കും വിവിധ ഷോപ്പുകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്. ദീർഘദൂര യാത്രക്കാർ ടൗണിലെ ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ടതായി വരുന്നു.