കനാൽ തകർച്ചയ്ക്ക് കാരണം നിർമാണത്തിലെ അപാകത, ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം: മാർ ജോസഫ് പാംപ്ലാനി
1571764
Tuesday, July 1, 2025 12:58 AM IST
ഇരിട്ടി: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടവും ബാരാപോൾ പ്രദേശവാസികളുടെ ജീവിതം ഭീഷണിയുടെ നിഴലിലുമാക്കിയ കനാലിന്റെ തകർച്ചയ്ക്ക് പിന്നിൽ നിർമാണത്തിലെ അപാകതയും അഴിമതിയുമാണെന്ന് സംശയിക്കുന്നതായി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കനാലിൽ ഗർത്തം രൂപപ്പെട്ട ഭാഗം കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികൾക്കും പ്രവർത്തകർക്കും ഒപ്പം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് കിലോമീറ്റർ കനാൽ ശൃംഖലയിൽ 1.4 കിലോമീറ്റർ കോൺക്രീറ്റ് നടത്താതെ ഇരുമ്പുവല വച്ച് കോൺക്രീറ്റ് ചാന്ത് പിടിപ്പിച്ചതിൽ നിർമാണ അപാകതയും അഴിമതിയുമാണെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. ചോർച്ച ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ അധികൃതർ കാണിച്ച കാലതാമസമാണ് കനാൽ ഭിത്തി തകർന്നതിന് പ്രധാന കാരണം.
അടിയന്തരമായി നിർമാണ വൈകല്യം പരിഹരിച്ച് ലാഭത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയെ യാഥാർഥ്യമാക്കണം. താത്കാലിക സംവിധാനങ്ങൾ ഒന്നും ഇവിടെ നടപ്പിലാക്കാൻ കഴിയില്ല. ഒരു ജല ബോംബിനു താഴെ ജനങ്ങളുടെ ജീവന് സർക്കാർ വിലപറയരുത്. അപകട ഭീഷണിയിലായ കനാൽ താഴ്വരയിലെ 30 കുടുംബങ്ങളുടെ ഭൂമി പൊന്നും വില നൽകി ഏറ്റെടുത്ത് അവരുടെ ജീവനു സംരക്ഷണം നൽകി മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനം സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ചൂരൽ മലയ്ക്ക് സമാനമായ ജലദുരന്തം ഒഴിവായത് ദൈവാനുഗ്രഹത്താലാണ്.
നാടിന്റെ അഭിമാനമാകേണ്ട പദ്ധതിയെ ഈ നിലയിലാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനാലിന്റെ ചോർച്ചയ്ക്ക് പരിഹാരം കാണാൻ അധികൃതർ വൈകിയാൽ പ്രത്യക്ഷ സമരത്തിലേക്ക് എകെസിസി കടക്കുമെന്നും ജീവൻ കൊടുത്തും എകെസിസി ഇതിനായി കേരളം മുഴുവനും സമരം സംഘടിപ്പിക്കുമെന്നും അവർക്കു പിന്തുണ നല്കുമെന്നും മാർ പാംപ്ലാനി പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്, ഫാ. മാത്യു പൊട്ടംപ്ലാക്കൽ, ഫാ. ജോസഫ് തേനംമാക്കൽ, ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ, കത്തോലിക്ക കോൺഗ്രസ് അതിരൂപത നേതാക്കളായ ഫിലിപ്പ് വെളിയത്ത്, ജിമ്മി ആയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ബെന്നി പുതിയാംപുറം, ബെന്നിച്ചൻ മഠത്തിനകം എന്നിവരും ഒപ്പമുണ്ടായിരുന്നു.