ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു
1571768
Tuesday, July 1, 2025 12:58 AM IST
കണ്ണൂർ: ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തിരക്ഷപ്പെട്ടു. ആൺ സുഹൃത്തിനായി പുഴയിൽ തെരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ രാവിലെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന പരാതിയെ ത്തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലാണ് കാസർഗോഡുള്ള പോലീസുകാരന്റെ ഭാര്യയായ യുവതി ആൺസുഹൃത്തിനൊപ്പം കണ്ണൂരിൽ എത്തിയത്.
തുടർന്ന് ഇന്നലെ രാവിലെ വളപട്ടണം പാലത്തിനു മുകളിൽ എത്തി ഇരുവരും പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ പുഴയിൽ വീണയുടൻ യുവതി നീന്തി കരയ്ക്കു കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിനായി പോലീസും ഫയർഫോഴ്സും തെരച്ചിൽ ഊർജിതമാക്കി.