തെരുവുനായ ശല്യം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ വികസന സമിതി
1571408
Sunday, June 29, 2025 7:37 AM IST
കണ്ണൂർ: തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാൻ ജില്ലാ വികസന സമിതി യോഗ തീരുമാനം. കണ്ണൂർ കോർപറേഷൻ പരിധിയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി എഴുപതോളം തെരുവ്നായ്ക്കളെ പിടികൂടി പടിയൂർ എബിസി സെന്ററിലേക്ക് മാറ്റിയതായി യോഗത്തിൽ അറിയിച്ചു.
അടുത്ത ഒരാഴ്ച കൂടി കോർപറേഷൻ പരിധിയിൽ നായ പിടിത്തം തുടരും. തെരുവുനായ്ക്കളെ പിടിക്കുന്നവർക്കുള്ള പരിശീലനം പൂർത്തിയായി. ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ കോർപ്പറേഷൻ 20 ഷെൽട്ടർ ഹോമുകളാണ് ഉടൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ആറ് എണ്ണത്തിനെ പ്രവൃത്തി പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം പുരോഗമിക്കുകയാണ്. കണ്ണൂർ കന്റോൺമെന്റ് പരിധിയിലും ഷെൽട്ടർ ഹോം നിർമിച്ചതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അറിയിച്ചു.
തദ്ദേശ, പിഡബ്ല്യുഡി റോഡുകളുടെ നവീകരണത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് എംഎൽഎമാരായ കെ.പി. മോഹനൻ, ടി.ഐ. മധുസൂദനൻ എന്നിവർ കത്തിലൂടെ ആവശ്യപ്പെട്ടു. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ നടപടിക്ക്രമങ്ങളുടെ ഭാഗമായി മരത്തിന്റെ വില നിശ്ചയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനിയർ, പൊതുമരാമത്ത് റോഡ് വിഭാഗം എൻജിനിയർമാർ എന്നിവർക്ക് വനം വകുപ്പുമായി സഹകരിച്ച് ജൂലൈ നാലിന് പരിശീലനം നൽകും.
കനത്ത മഴയിലും കാറ്റിലും ഭാഗിക നാശം സംഭവിച്ച പച്ചക്കറികളും വാഴക്കുലകളും ഹോർട്ടികോർപ്പ് വഴി ഏറ്റെടുത്ത് വിപണിയിൽ എത്തിക്കുന്നതിന് കൃഷിവകുപ്പിന് യോഗം നിർദേശം നൽകി. പഴശി പദ്ധതിയുടെ ഷട്ടർ തുറന്നതിനെത്തുടർന്നും കാലവർഷക്കെടുതിയിലും കൃഷി പൂർണമായും നശിച്ച കൂത്തുപറമ്പ് മണ്ഡലത്തിലെ കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനായി വകുപ്പിന് അപേക്ഷ നൽകിയതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കനത്ത മഴയിൽ 2025 മേയ് മാസം മുതൽ കണ്ണൂർ വിമാനത്താവള പ്രദേശത്തു നിന്നും ഒഴുകിവന്ന ചെളിവെള്ളം നിറഞ്ഞ് കൃഷി നാശമുണ്ടായിട്ടുള്ള കർഷകർക്ക് പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇൻഷ്വറൻസ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി എഐഎംഎസ് പോർട്ടൽ വഴി ധനസഹായം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ഈ പദ്ധതിയിൽ ഉൾപ്പെടാത്ത കർഷകർക്ക് കൃഷി ഓഫീസർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് വിമാനത്താവള അതോറിറ്റിക്ക് (കിയാൽ) അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും അറിയിച്ചു.
ദേശീയ പാത സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള റോഡിലെ കുഴികൾ അടക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കളക്ടർ നിർദേശം നൽകി. ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ഇത് സംബന്ധിച്ച് പരിശോധനകൾ നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണമെന്ന് കളക്ടർ നിർദേശിച്ചു.
സ്കൂളുകളിൽ ലഹരി ഉപയോഗം, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് എല്ലാ സ്കൂളുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി ഡിഡിഇ അറിയിച്ചു. യോഗത്തിൽ സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, എഡിഎം കല ഭാസ്കർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജനപ്രതിനിധികൾ, എംഎൽഎമാരുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.
കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് സൗകര്യംഒരുക്കാത്തതിൽ വിമർശനമുന്നയിച്ച് സജീവ് ജോസഫ്
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അഭൂതപൂർവമായ ഭക്തജനപ്രവാഹമുണ്ടാകുന്പോഴും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ ബന്ധപ്പെട്ടവർ നിസംഗത കാട്ടുകയാണെന്ന് സജീവ് ജോസഫ് എംഎൽഎ. ജില്ലാ വികസന സമിതിയോഗത്തിലാണ് എംഎൽഎ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ട്രാഫിക് നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുക, പോലീസ് വിന്യാസം വർധിപ്പിക്കുക, ഭക്തജനങ്ങൾക്കുള്ള പ്രാഥമിക ആവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാലവർഷക്കെടുതികൾ മുൻനിർത്തി ക്വാറികളുടെ പ്രവർത്തനം നിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുക, അനധികൃത ക്വാറികളെ കണ്ടെത്തി അടച്ചു പൂട്ടുക എന്നീ കാര്യങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. സാധാരണയായി ജില്ലയിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ ഉണ്ടാകുമ്പോൾ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാറുണ്ടെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വ്യക്തമാക്കി. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
തേർളായി ദ്വീപ് ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് ബസ് പെർമിറ്റുകൾ അനുവദിക്കാത്ത നടപടിയെ ശക്തമായി വിമർശിച്ചു. നാലുവർഷമായി ബസില്ലാതെ ജനം വലയുകയാണ്. പെർമിറ്റ് വൈകിക്കുന്ന ആർടിഒയുടെ നടപടി പ്രതിഷേധാർഹമാണെന്നും ഉടൻ പെർമിറ്റ് നൽകണമെന്നും നാലുവർഷമായി അടച്ചുപൂട്ടി കിടക്കുന്ന പൈതൽമലയിലെ ഡിടിപിസി റിസോർട്ട് അറ്റകുറ്റപ്പണി ചെയ്തു തുറക്കാനുള്ള നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.