പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കണം: ജോയിന്റ് കൗൺസിൽ
1570908
Saturday, June 28, 2025 1:50 AM IST
പയ്യാവൂർ: 2024 ജൂലൈ ഒന്നിന് കേരളത്തിലെ ജീവനക്കാർക്ക് ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം നപ്പാക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിക്കൂർ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരത്ത് സഖാവ് കമ്മാരൻ സ്മാരക ഹാളിൽ നടന്ന കൺവൻഷൻ ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബീന കൊരട്ടി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മേഖലാ പ്രസിഡന്റ് കെ.കെ. പ്രശാന്തൻ അധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി കെ.കെ. കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. പ്രദീപ് സമര പരിപാടികൾ വിശദീകരിച്ചു. മേഖലാ ഭാരവാഹികളായ എം.എം. മോഹനൻ, പി.കെ. വിനീഷ്, കെ.കെ. ചന്ദ്രൻ, നന്മ സാംസ്കാരിക വേദി കൺവീനർ ഉദയൻ ഇടച്ചേരി എന്നിവർ പ്രസംഗിച്ചു.
ഡപ്യൂട്ടി തഹസിൽദാരായി പ്രൊമോഷൻ ലഭിച്ച മേഖലാ ഭാരവാഹികളായ എം.എം. മോഹനൻ, പി.കെ. വിനീഷ് എന്നിവർക്ക് അനുമോദനം നൽകി. കെ.കെ. ചന്ദ്രൻ, എൽ.എം. മധുസൂദനൻ എന്നിവരെ മേഖലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.