ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയണം: മുഖ്യമന്ത്രി
1572075
Wednesday, July 2, 2025 1:48 AM IST
കണ്ണൂർ: ഏതു കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ കഴിയണം എന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കൃഷ്ണമോനോൻ സ്മാരക വനിതാ കോളജിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടുന്നത് സാധാരണ രീതിയല്ല. തീരുമാനം അതത് തലത്തിൽ എടുത്തു പോകണം. ആ തീരുമാനം സർക്കാരിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനമാണ്. അത്തരം നിലപാടുകൾക്ക് സർക്കാരിന്റെ കൃത്യമായ പരിരക്ഷയുണ്ടാകുമെന്നും ആരും അതിൽ ശങ്കിച്ചു നിൽക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തൊള്ളായിരത്തോളം സേവനങ്ങൾ ഓൺലൈനാക്കിയിട്ടുണ്ട്. ഇത് കാര്യങ്ങൾ വേഗത്തിലാക്കുന്നുണ്ട്. താലൂക്ക്തല അദാലത്തിൽ പല കാര്യങ്ങളിലും തീരുമാനം ഉണ്ടായിട്ടുണ്ട്. വിവിധ തലത്തിൽ ജനങ്ങളുമായുള്ള സംവേദനം ഇതിനകം സർക്കാർ നടത്തിക്കഴിഞ്ഞു. നവകേരള സദസ് അതിന്റെ ഭാഗമായിരുന്നു. വേഗതയിൽ കാര്യങ്ങൾ നിർവഹിക്കുന്പോൾ ചിലർ തെറ്റായ രീതിയിൽ ചിത്രീകരിക്കും. അത്തരം ചിത്രീകരണങ്ങൾ വന്നോട്ടെ. പക്ഷേ നല്ല ദിശാബോധത്തോടെയാണ് സർക്കാർ നീങ്ങുന്നത്. ഓരോ മേഖലയിലും കാര്യങ്ങൾ നിർവഹിക്കുന്നതിലൂടെ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
നാടിന്റെ പൊതുവായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങൾ എടുത്തുപോകാൻ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധിക്കണം. ചുമതലകൾ കൃത്യമായി നിർവഹിക്കാൻ സാധിക്കണം.
മന്ത്രിസഭ നയപരമായ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുമെങ്കിലും കാര്യങ്ങൾ നടപ്പാക്കുന്നത് താഴെ തലം മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ വൃന്ദമാണ്. ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നേട്ടങ്ങൾ കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാധാരണ രീതിയിൽ സംസ്ഥാനത്തുണ്ടാകുന്ന ഫയലുകൾ വളരെ കൂടുതലാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ പൊതുവേ വേഗത കൂടിയിട്ടുണ്ട്. എന്നാൽ, ഇനിയും നല്ല തോതിൽ വേഗത കൂട്ടാൻ പറ്റണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, ഒ.ആർ. കേളു, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർ സിംഗ്, വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ, കാസർഗോഡ് കളക്ടർ കെ. ഇന്പശേഖർ, നാല് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.