ബാരാപോൾ കനാലിലെ ഗർത്തം ഗുരുതരം : ഉന്നതതല പഠനസംഘം പരിശോധന നടത്തണം: സണ്ണിജോസഫ്
1572093
Wednesday, July 2, 2025 1:48 AM IST
ഇരിട്ടി: ബാരാപോൾ കനാൽ തകർച്ചയെ കുറിച്ച് ഉന്നതതല പഠന സംഘം പരിശോധന നടത്തി ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനോടൊപ്പം വൈദ്യുതി വകുപ്പിന് ഉണ്ടാകുന്ന കോടികളുടെ നഷ്ടവും സർക്കാർ പരിഗണിക്കണം. 400 കെവി ലൈനിന്റെ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ ഇക്കാര്യം വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
പദ്ധതി പ്രദേശം സന്ദർഷിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ജനങ്ങളുടെ ആശങ്ക അകറ്റും വിധം കനാലിൽ 1.4 കിലോമീറ്റർ ഭാഗം പൂർണമായും പുനർനിർമാണം നടത്തണമെന്നും എംഎൽഎ പറഞ്ഞു.
വർഷങ്ങളായി തുടരുന്ന ചോർച്ച കാരണം രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചെങ്കിലും താൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചേർന്നെടുത്ത തീരുമാനം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, സജി മച്ചിത്താനി, ബിജോയ് പ്ലാത്തോട്ടം, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ, അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജയിൻസ് ടി. മാത്യു, തോമസ് വലിയത്തൊട്ടി, എം.കെ. വിനോദ്, ബിജുനത്ത് കുറുപ്പൻപറമ്പിൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ഫയർ ഫോഴ്സ്
പരിശോധന നടത്തി
ഇരിട്ടി: ബാരാപോൾ കനാലിൽ ഗർത്തം രൂപപെട്ടതിനെ തുടർന്ന് ഇരിട്ടി അഗ്നി രക്ഷാനിലയം ഓഫീസർ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പരിശാധന നടത്തി. അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ ഫയർ ആൻഡ് സേയ്ഫ്റ്റി ഓഫിസർമാരായ ബിനോയി രാഹുൽ , സിവിൽ ഡിഫൻസ് അംഗം വിനീത് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു .