ഇ -സൈക്കിള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്: മന്ത്രി രാജേഷ്
1572089
Wednesday, July 2, 2025 1:48 AM IST
കണ്ണൂർ: ഇ- സൈക്കിള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണെന്ന് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്വയംഭരണ ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇലക്ട്രിക് സൈക്കിളുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മികച്ച എഡിഎസായി തെരഞ്ഞെടുക്കപ്പെട്ട മാട്ടറ എഡിഎസി നും മികച്ച ബഡ്സ് സ്കൂളായി തെരഞ്ഞെടുത്ത പഴശിരാജ ബഡ്സ് സ്കൂളിനുമുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമീണ സിഡിഎസുകളിലെ 350 വനിതകള്‍ക്കാണ് ഇ സൈക്കിളുകള്‍ നല്‍കുന്നത്.
കാര്‍ബണ്‍ ന്യൂട്രല്‍ കേരളം പദ്ധതിയുടെ ആദ്യഘട്ടമായി കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിളുകള്‍ നല്‍കുന്നത്. 40.000രൂപ വിലമതിക്കുന്ന ഈ സൈക്കിള്‍ 3000 ഗുണഭോക്തൃ വിഹിതം വാങ്ങിക്കൊണ്ടാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.