നാലു വർഷ ബിരുദത്തിലെ തലതിരിഞ്ഞ ഉത്തരവുകൾ വിദ്യാർഥികളുടെ ഭാവി തുലയ്ക്കും: കെപിസിടിഎ
1572076
Wednesday, July 2, 2025 1:48 AM IST
കണ്ണൂർ: നാലു വർഷ ബിരുദ പ്രോഗ്രാമിലെ മൈനർ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കണ്ണൂർ യൂണിവേഴ്സിറ്റിയും ഇറക്കിയ തെറ്റായ ഉത്തരവുകൾ വിദ്യാർഥികളുടെ ഭാവി തുലയ്ക്കുകയാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) മേഖലാ കമ്മിറ്റി യോഗം.
തെറ്റായ ഉത്തരവുകൾ റദ്ദാക്കി വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാൻ വൈസ്ചാൻസലർ ഇടപെടണമെന്ന് കെപിസിടിഎ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് 22/6/2024 ന് നൽകിയ ഉത്തരവ് പ്രകാരം നാലു വർഷ ബിരുദ പ്രോഗ്രാമിൽ മൈനർ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നൽകിയ നിർദേശങ്ങളിൽ മറ്റു ഡിസിപ്ലിനുകളിലെ പഠന ബോർഡുകൾ തയാറാക്കിയ കോഴ്സുകൾ യോഗ്യതയുള്ള അധ്യാപകരുണ്ടെങ്കിൽ അതാത് വകുപ്പുകൾക്ക് പഠിപ്പിക്കാൻ അനുവാദം നൽകുമെന്നറിയിച്ചിരുന്നു.
ഇതു പ്രകാരം പഠനം നടത്തി വന്ന വിദ്യാർഥികളെ വെട്ടിലാക്കുന്ന ഉത്തരവാണ് കണ്ണൂർ യൂണിവേഴ്സിറ്റി ജൂൺ 26ന് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം കഴിഞ്ഞ രണ്ടു സെമസ്റ്ററുകളിലും സ്വന്തം ഡിപ്പാർട്ട്മെന്റിന് പുറത്തുള്ള വിഷയങ്ങളേ പഠിക്കാൻ പാടുള്ളൂ എന്നാണ് പറയുന്നത്. ഇതോടെ കഴിഞ്ഞ വർഷം മൈനർ വിഷയങ്ങൾ സ്വന്തം ഡിപ്പാർട്ട്മെന്റിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കെപിസിടിഎ മേഖലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. സർവകലാശാലയുടെ ഉത്തരവിനെ തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ പ്രതിഷേധം അധ്യാപകരുടെ നേർക്ക് തിരിയുകയാണ്. വിദ്യാർഥികൾക്ക് ആശങ്കയില്ലാതെ ഈ പ്രശ്നം പരിഹരിക്കാൻ വൈസ് ചാൻസലർ അടിയന്തരമായി ഇടപെടണമെന്ന് കെപിസിടിഎമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോൺസൺ ജോർജ്, ഭാരവാഹികളായ ഡോ. വി.പ്രകാശ്, ഡോ.ആർ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.