ലൈഫും, മാലിന്യ നിർമാർജനവും ആർദ്രവും; കണ്ണൂരിന് പ്രശംസ
1572083
Wednesday, July 2, 2025 1:48 AM IST
കണ്ണൂർ: അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള ജില്ലയുടെ മികവാർന്ന പ്രവർത്തനങ്ങളെ മേഖലാതലാ അവലോകന യോഗത്തിൽ പ്രസംസിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും. അതിദരിദ്ര വിഭാഗത്തിൽ ജില്ലയിൽ കണ്ടെത്തിയ 3973 കുടുംബങ്ങൾക്ക് ആവശ്യമായ ക്രമീകരണ ഏർപെടുത്തിയതാണ് പ്രശംസയ്ക്ക് വഴിവച്ചത്.
അടിസ്ഥാന ജീവിത ആവശ്യങ്ങൾ ലഭിക്കാത്തവർക്ക് ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ ഉറപ്പാക്കിയാണ് അതിദാരിദ്ര്യ ലഘൂകരണം സാധ്യമാക്കിയത്. ജില്ലയിൽ പാർപ്പിടം മാത്രം ആവശ്യമുള്ള 392 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം ലഭ്യമാക്കിക്കഴിഞ്ഞു. വസ്തുവും വീടും ആവശ്യമുള്ള 121 കുടുംബങ്ങളെ കണ്ടെത്തി. ഇവർക്ക് വസ്തു ലഭ്യമാക്കുകയും പാർപ്പിടം ഒരുക്കി നല്കുകയും ചെയ്തു.
പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം പ്രദേശങ്ങളിൽ കടൽക്ഷോഭം മൂലം വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ഈ പ്രദേശങ്ങളിലെ പ്രവൃത്തികൾ തലശേരിയിലെ ഹോട്ട് സ്പോട്ട് ഏരിയയിൽ ഉൾപ്പെടു ത്തി എഡിബി സ്കീമിൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി അറിയിച്ചു.
കണ്ണൂർ സ്പോർട്സ് സ്കൂൾ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ ടൗൺ സ്പോർട്സ് സ്കൂളിൽ തിരുവനന്തപുരം ജിവിരാജ സ്പോർട്സ് സ്കൂളിനൊപ്പമുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് സെക്രട്ടറി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെ ടെയുള്ളവ നടപ്പാക്കുമെന്നും സെക്രട്ടറി പറഞ്ഞു.
ആറളം ഫാം തൊഴിലാളികൾക്കുള്ള 11 കോടി ശമ്പള കുടിശിക സംബന്ധിച്ച് ധനകാര്യ വകുപ്പ് പരിശോധിച്ചു വരുന്നതായി പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് അറിയിച്ചു. പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏഴോം വില്ലേജിലെ 50 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം പട്ടികജാതി വികസന വകുപ്പിൽ നിലനിർത്തി പാട്ട വ്യവസ്ഥയിൽ ജില്ലാ പഞ്ചായത്തിന് വിട്ടു നല്കുന്നതിനുള്ള വിഷയത്തി ന്മേൽ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
പയ്യന്നൂർ താലൂക്ക് പുളിങ്ങോം വില്ലേജിലെ കേരള കർണാടക അതിർത്തി തർക്കം പരിഹരിക്കുന്ന തിന് ഇരു സംസ്ഥാനങ്ങളും സംയുക്ത സർവേ നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി അറിയിച്ചു.
കല്യാട് അന്താരാഷ്ട്ര ആയുർവേദ സെന്ററിന്റെ 75 ശതമാനം പണികളാണ് പൂർത്തിയായത്. കാലതാ മസം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉപകരാറുകാരൻ പണി ഉടൻ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ ട്രോമ കെയർ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തി ധന വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ ആരംഭിക്കാനാകുമെന്നും സെക്രട്ടറി അറിയിച്ചു. ആശുപത്രിയുടെ വിവിധ അറ്റകുറ്റ പ്രവൃത്തികളുടെ 85 ശതമാനവും പൂർത്തീയായി. ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും.
പരിയാരം മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ സർക്കാർ സർവീസിലേക്ക് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 521 നഴ്സിംഗ് തസ്തികകൾ, 147 മെഡിക്കൽ തസ്തികകൾ, എൻഎം സി മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അധിക 100 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
332 റോഡുകൾക്ക്
സാങ്കേതികാനുമതി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ 447 റോഡുകളിൽ 332 റോഡുകൾക്ക് സാങ്കേതികാനുമതിയായി. 203 റോഡുകളുടെ പ്രവൃത്തിക്ക് കരാർ നല്കുകയും 133 റോഡുകളുടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 30 ശതമാനം പ്രവൃത്തിയാണ് ആരംഭിച്ചത്.
സ്കൂളുകളിൽ മഞ്ചാടി
പദ്ധതി വ്യാപിപ്പിക്കും
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 168 സ്കൂളുകളിലും മഞ്ചാടി പദ്ധതി ഈ വർഷം വ്യാപിപ്പിക്കുമെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചു. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി വഴി നടപ്പാക്കുന്ന ജൈവമാലിന്യ സംസ്കരണ സംവിധാനം ജില്ലയിലെ 100 ശതമാനം സ്കൂളുകളും കൈവരിച്ചു. കിഫ്ബി പദ്ധതിവഴി ജില്ലയിലെ 60 ശതമാനം സ്കൂളുകളിൽ ഭൗതിക വികസനം പൂർത്തീകരിച്ചതായും സെക്രട്ടറി അറിയിച്ചു.
ലൈഫിൽ സെപ്റ്റംബറോടെ 86 ശതമാനം വീടുകൾ
ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ ജൂലൈ മാസത്തിൽ 21,492 (84.72 ശതമാനം), ഓഗസ്റ്റിൽ 21,627 (85.25 ശതമാനം), സെപ്റ്റംബറിൽ 21,915(86.39 ശതമാനം) കൈവരിക്കാൻ സാധിക്കും.
മാലിന്യമുക്ത നവകേരള
കാമ്പയിനിൽ ഒന്നാമതായി
കണ്ണൂർ
മാലിന്യ മുക്ത നവകേരളം പദ്ധതിയിലെ 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 27 ഓളം നൂതന ആശയങ്ങൾ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ജില്ലയാണ് കണ്ണൂർ. മാലിന്യമുക്തം നവകേരള കാമ്പയിൻ പൂർത്തീകരണത്തിൽ ഒന്നാം സ്ഥാനവും കണ്ണൂർ ജില്ലയ്ക്കാണ്. വാതിൽപടി ശേഖരണത്തിൽ 99 ശതമാനവും, യൂസർ ഫീ ശേഖരണത്തിൽ 95 ശതമാനവും നേട്ടം കൈവരിച്ചു.
ആരോഗ്യമേഖലയിൽ
മുന്നേറ്റം
സമഗ്രാരോഗ്യ മുന്നേറ്റത്തിന്റെ പാതയിൽ കുതിക്കുകയാണ് കണ്ണൂർ. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിൽ 82 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ 53 എണ്ണത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജൂലൈ മാസത്തിൽ 55 എണ്ണവും ഓഗസ്റ്റ് മാസത്തിൽ 56 എണ്ണവും പൂർത്തിയാവും. ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 14 സ്ഥാപനങ്ങളാണ് തെരഞ്ഞെടു ത്തിട്ടുള്ളത്.