ബികോം ലോജിസ്റ്റിക്സിലെ മുഴുവൻ വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ഓഫർ
1572077
Wednesday, July 2, 2025 1:48 AM IST
പയ്യാവൂർ: പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബികോം ലോജിസ്റ്റിക്സ് ആദ്യ ബാച്ചിന്റെ കോഴ്സ് പൂർത്തിയാകുന്നതിന് മുമ്പേ മുഴുവൻ വിദ്യാർഥികൾക്കും ജോലിക്കുള്ള ഓഫർ ലഭിച്ചത് കോളജിന് അഭിമാനനേട്ടമായി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ആദ്യമായി 2023 ലാണ് ബികോം ലോജിസ്റ്റിക്സ് കോഴ്സ് പൈസക്കരി ദേവമാതാ കോളജിൽ ആരംഭിക്കുന്നത്. കൊച്ചിയിലും മംഗളൂരുവിലും ഗൾഫ് രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ജാക് വെയ്സ് ലോജിസ്റ്റിക്സ് എന്ന മൾട്ടി നാഷണൽ കമ്പനിയാണ് ഇന്റേൺഷിപ്പിനുശേഷം ജോലി ഓഫർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം കോളജിൽ നടന്ന ലോജിസ്റ്റിക് വർക്ക്ഷോപ്പിനെ തുടർന്ന് കമ്പനിയുടെ ഡയറക്ടർ ജോജോ തോമസ് കോളജ് പ്രിൻസിപ്പൽ മുഖേനയാണ് ഓഫർ നൽകിയത്. ഇതിൽ കോളജിന് വളരെ സന്തോഷമുണ്ടെന്നും ഇതേസമയത്ത് തന്നെ ആരംഭിച്ച മറ്റൊരു ന്യൂജനറേഷൻ കോഴ്സായ ബിബിഎ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലെയും മുഴുവൻ വിദ്യാർഥികൾക്കും അവരുടെ ഇന്റേൺഷിപ്പിനുശേഷം പ്ലേസ്മെന്റ് ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു അറിയിച്ചു. ആദ്യ ബാച്ചിനു തന്നെ നൂറുശതമാനം പ്ലേസ്മെന്റ് എന്നത് അപൂർവമാണെന്നും ഈ നേട്ടം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായും കോളജ് മാനേജർ ഫാ. നോബിൾ ഓണംകുളം പറഞ്ഞു.