കേരള എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുന്നിലെത്തിയവർ
1572082
Wednesday, July 2, 2025 1:48 AM IST
ഒന്നാമതെത്തി ജസ്വിൻ ജോയൽ
ചെമ്പേരി: കീം പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചെമ്പേരി സ്വദേശി ജസ്വിൻ ജോയൽ. ദേശീയ തലത്തിൽ ഐഐടിയുടെ ജെഇഇ മെയിൻ പരീക്ഷയിൽ 1517, ജെഇഇ അഡ്വാൻസ് പരീക്ഷയിൽ 1982 എന്നിങ്ങനെ റാങ്കുകൾ സ്വന്തമാക്കിയിരുന്നു.
ജസ്വിൻ പത്താം ക്ലാസ് വരെ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിലും 11, 12 ക്ലാസുകളിൽ മാന്നാനം കെഇ സ്കൂളിലുമാണ് പഠനം നടത്തിയത്. പാലാ ബ്രില്യന്റ്സിലായിരുന്നു എൻട്രൻസ് പഠനം.
ചെമ്പേരി ചെള്ളിക്കുന്നേൽ ജോയി-ടിജിമോൾ ദമ്പതികളുടെ മകനാണ് ജസ്വിൻ. ഐഐടിയിൽ കംപ്യൂട്ടർ സയൻസിൽ പഠനം തുടരുകയാണ് ലക്ഷ്യം.
ബിഫാമിൽ മുഹമ്മദ്
സമർ
കൂത്തുപറന്പ്: കീം പരീക്ഷയിൽ ബിഫാമിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ നാൽപത്തി രണ്ടാം റാങ്കും നേടി പെരളശേരി മുണ്ടാലൂർ ആമിനാസിൽ എൻ.പി. മുഹമ്മദ് സമർ. പത്താം ക്ലാസ് വരെ മമ്പറം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. ചാല ജിഎച്ച്എഎസ്എസിൽ നിന്ന് പ്ലസ്ടു വിജയിച്ചു. മലപ്പുറം കോട്ടക്കലിലെ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു എൻട്രൻസ് പഠനം. എംബിബിഎസിനു ചേരണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ വേണ്ടത്ര റാങ്ക് ലഭിക്കാത്തതിൽ ബിഡിഎസിനു ചേരാനാണ് തീരുമാനമെന്നും മുഹമ്മദ് സമർ പറഞ്ഞു. എസ്. മൻസൂർ-എൻ.പി. ആമിന ദമ്പതികളുടെ മകനാണ്. റസീൻ, മാസിൻ, ആയിഷ, ആലിയ എന്നിവർ സഹോദരങ്ങളാണ്.
ആദ്യ അവസരത്തില്‍ തന്നെ
അരവിന്ദ് ഒന്നാമന്
കാഞ്ഞങ്ങാട്: കീം പരീക്ഷയില്‍ ആദ്യ പരിശ്രമത്തില്‍ തന്നെ ജില്ലയില്‍ ഒന്നാമനായി കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളിനു സമീപത്തെ എസ്.അരവിന്ദ്. 600ല്‍ 570 സ്കോര്‍ ചെയ്ത അരവിന്ദ് സംസ്ഥാനതലത്തില്‍ 54-ാം റാങ്ക് കരസ്ഥമാക്കി. ജെഇഇ പരീക്ഷയിലൂടെ താന്‍ സ്വപ്നം കണ്ടിരുന്ന മദ്രാസ് ഐഐടി പ്രവേശനം എന്ന നേട്ടം അരവിന്ദ് ഇതിനകം സ്വന്തമാക്കികഴിഞ്ഞു. നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിംഗ് കോഴ്സിനാണ് അഡ്മിഷന് നേടിയിരിക്കുന്നത്. കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയത്തില്നിന്ന് പത്താംക്ലാസില്‍ 98 ശതമാനം മാര്‍ക്ക് നേടി. ദുര്‍ഗ സ്കൂളില്‍ ഇംഗ്ലീഷിന് 10 മാര്‍ക്ക് കുറഞ്ഞതുകൊണ്ട് പ്ലസ്ടുവിന് ഫുള്‍ മാര്‍ക്ക് നേട്ടം നഷ്ടമായി. പ്ലസ്ടു പഠനകാലത്തുതന്നെ ഓണ്‍ലൈന്‍ കോച്ചിംഗ് നടത്തിയിരുന്നു.
പിന്നീട് ഒരു വര്‍ഷം പാലാ ബ്രില്യന്റ് അക്കാദമിയില്‍ കോച്ചിംഗ് നടത്തിയാണ് സ്വപ്നനേട്ടം കരസ്ഥമാക്കിയത്. എല്‍ഐസി ഡെവലപ്മെന്റ് ഓഫീസര്‍ കെ.ശിവരാമന്റേയും കാഞ്ഞങ്ങാട് ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ വി. സന്ധ്യയുടെയും മകനാണ്. ചേച്ചി അനഘ സിഎ പഠനം പൂര്‍ത്തിയാക്കി.
ഒറ്റയ്ക്കു വഴിവെട്ടി വന്ന
ഗൗരിശങ്കര്‍
പെരിയ: കോച്ചിംഗോ ട്യൂഷനോ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന തയാറെടുപ്പോ ഇല്ലാതെ കീം പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച് പെരിയ നാലക്രയിലെ ആര്. പി.ഗൗരിശങ്കര്‍. തന്റെ ആദ്യ പരിശ്രമത്തില്‍ തന്നെ 600ല്‍ 460 സ്കോര്‍ ചെയ്ത് എസ്ടി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാംറാങ്കാണ് ഈ മിടുക്കന് സ്വന്തമാക്കിയത്.
പൊതുവിഭാഗത്തില്‍ 3457-ാം റാങ്ക് കരസ്ഥമാക്കി. ജെഇഇ പരീക്ഷ പാസായി കോഴിക്കോട് എന്‍ഐടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ പ്രവേശനം കാത്തിരിക്കുകയാണ്.
തളിപ്പറമ്പ് ചിന്മയ വിദ്യാലത്തില്‍ നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പത്താംക്ലാസില്‍ 96.2 ശതമാനവും പ്ലസ്ടുവില്‍ 97.8 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരുന്നു.
പ്ലസ്ടുവിന് ഫിസിക്സിനും ബയോളജിക്കും മുഴുവന്‍ മാര്‍ക്കും കെമിസ്ട്രിയില്‍ 99 മാര്‍ക്കും നേടി. കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം അസി.പ്രഫസര്‍ ടി. രാജന്റെയും തളിപ്പറമ്പിലെ സഹകരണവകുപ്പ് ഓഡിറ്ററായ കെ. പാര്‍വതിയുടെയും ഏകമകനാണ്.