തേർത്തല്ലി-ചപ്പാരപ്പടവ്-തളിപ്പറമ്പ് റൂട്ടിൽ വൈകുന്നേരം ബസില്ല; വിദ്യാർഥികൾ വലയുന്നു
1572909
Friday, July 4, 2025 7:28 AM IST
തേർത്തല്ലി: തേർത്തല്ലി-ചപ്പാരപ്പടവ്-തളിപ്പറമ്പ് റൂട്ടിൽ വൈകുന്നേരം സ്കൂൾ വിടുന്പോൾ ബസ് ഇല്ലാത്തതിനാൽ വിദ്യാർഥികൾ വലയുന്നു. ഇതിനെതിരെ മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റും അധ്യാപകരും പിടിഎയും ആശങ്ക അറിയിച്ചു.
മലയോര ഗ്രാമമായ തേർത്തല്ലി, മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മാത്രം അഞ്ഞൂറിലധികം വിദ്യാർഥികളും, മേരിഗിരി ചെറുപുഷ്പം യുപി വിഭാഗത്തിലെ ഇരുന്നൂറിലധികം വിദ്യാർഥികളും വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടതിനുശേഷം ബസ് ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.
സ്കൂൾ സമയം പുതുക്കിയതോടെ 4.15 വരെയാണ് സ്കൂൾ പ്രവർത്തന സമയം. എന്നാൽ, മേരിഗിരിയിൽ നിന്നു ചപ്പാരപ്പടവ്, തളിപ്പറമ്പ് ഭാഗത്തേക്ക് വൈകുന്നേരം 3.30നുള്ള ബസ് കഴിഞ്ഞാൽ, ആറിനു മാത്രമേ അടുത്ത ബസ് ഉള്ളൂ. അതിനാൽ ചപ്പാരപ്പടവ്, തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട വിദ്യാർഥികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ 4.15നും അഞ്ചിനും ഇടയിൽ വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് ഒരു ബസ് സർവീസ് ക്രമീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.