ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ കണ്ണൂർ കോർപറേഷൻ രംഗത്ത്
1572921
Friday, July 4, 2025 7:28 AM IST
കണ്ണൂർ: ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവൃത്തിയുമായി കണ്ണൂർ കോർപറേഷൻ. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാൽനടയാത്രക്കാർക്ക് ശല്യമായ ഒച്ചുകളെയാണ് തുരിശ് ലായനി കലക്കി തളിച്ച് നശിപ്പിച്ചത്. കൃഷി വകുപ്പ് ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കെയാണ് കോർപറേഷൻ നടപടിയുമായി രംഗത്തെത്തിയത്.
ഒരുകിലോ കോപ്പർ സൾഫേറ്റ് 10 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയർ ഉപയോഗിച്ച് പമ്പ് ചെയ്താണ് ഒച്ച് കൂട്ടത്തെ നശിപ്പിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് പത്തിരട്ടി വർധനവാണ് ഇത്തവണ പലയിടങ്ങളിലും കണ്ടുവരുന്നത്. ഇലകൾ തിന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്തിന് പുറമേ ചില ആളുകൾക്ക് ഇവ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിൽ പോലുള്ള അലർജിയുണ്ടാകുന്നതായും കണ്ടുവരുന്നുണ്ട്.
കാബേജ്, പച്ചക്കറി പോലുള്ളവയുടെ ഇലകൾ ഇവയെ കണ്ടെത്തുന്ന സ്ഥലത്തിന്റെ മൂലയിൽ കൂട്ടിയിടുകയും ഈ ഇല തിന്നാനായി ഒച്ചുകൾ കൂട്ടമായി എത്തുമ്പോൾ ഇവയെ തുരിശ് ലായനി തളിച്ച് നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ കോർപറേഷൻ ചെയ്തുവരുന്ന രീതി.
\
മേയർ മുസ്ലിഹ് മഠത്തിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി. അബ്ദുൾ റസാഖ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പദ്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ. സന്തോഷ് കുമാർ, കെ.ജി. ദീപാവല്ലി എന്നിവർ പങ്കെടുത്തു.