കനത്ത കാറ്റിലും മഴയിലും ചെറുപുഴയിൽ വ്യാപക നാശനഷ്ടം
1572915
Friday, July 4, 2025 7:28 AM IST
ചെറുപുഴ: കനത്ത കാറ്റിലും മഴയിലും ചെറുപുഴയിൽ നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് നാശനഷ്ടമുണ്ടായത്. ചെറുപുഴ ടൗണിൽ ബസ്സ്റ്റാൻഡിനു സമീപം ടാക്സി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം കടപുഴകി വീണു. കാറിന് കേടുപാടുകൾ ഒന്നും സംഭവിച്ചില്ല. കക്കറ സ്വദേശി നാരായണന്റേതായിരുന്നു കാർ. പരിസരത്ത് ആളുകളൊന്നും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ചെറുപുഴ പഞ്ചായത്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുടെ അലൂമിനിയം ഷീറ്റുകൾ കാറ്റിൽ തകർന്നു. ഷീറ്റുകൾ താഴേയ്ക്കു വീഴാതിരുന്നതിനാൽ അപകടം ഒഴിവായി. നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബസ്സ്റ്റാൻഡിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനു പിന്നിലുള്ള തെങ്ങ് കടപുഴകി വീണു.
ചെറുപുഴ ബസ്സ്റ്റാൻഡിൽ പോസ്റ്റ് ഓഫീസിനു മുന്നിലായി നിർത്തിയിട്ടിരുന്ന നിരവധി ബൈക്കുകൾ കാറ്റിൽ മറിഞ്ഞു വീണു. ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിനു സമീപത്തെ സി.എം. ബേബിയുടെ ഉടമസ്ഥതയിലുള്ള വീടിനു മുകളിൽ അയൽവാസിയുടെ ഉണങ്ങിനിന്ന കൂറ്റൻ മരം പൊട്ടിവീണു. സമീപത്തെ പ്ലാവിൽ തട്ടിയതിനാൽ പ്ലാവും ഒടിഞ്ഞുവീണു.
വീടിന്റെ ഷെയ്ഡുകൾ തകർന്നു. ഈ വീട്ടിൽ തുരുത്തേൽ ജോസും കുടുംബവും വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നോടെയാണു മരം വീഴുന്നത്. അപകടം നടക്കുമ്പോൾ ജോസും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. പഞ്ചായത്തംഗം എം. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ദുരന്ത നിവാരണ സേനാംഗങ്ങൾ വീടിനു മുകളിൽ നിന്നും മരം മുറിച്ചുമാറ്റി. ചെറുപുഴ ചെക്ക്ഡാമിനു സമീപം അരിമ്പയിൽ മഠത്തിക്കുഴിഞ്ഞൂർ ജെസി സെബാസ്റ്റ്യന്റെ വീടിനു മുകളിൽ തെങ്ങ് ഒടിഞ്ഞു വീണു. രണ്ട് വൈദ്യുതി തൂണുകളും പൊട്ടിവീണു. വീടിന്റെ 200 ഓളം ഓടുകൾ തകർന്നു. കോൺക്രീറ്റിന് പൊട്ടലുണ്ടോയെന്നു സംശയിക്കുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.