കണ്ണൂരിൽ"റാഞ്ചിയ'വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തി'
1572368
Thursday, July 3, 2025 1:12 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ "റാഞ്ചിയ' വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.20 ഓടെയാണ് ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലുള്ളവരെയും നടുക്കിക്കൊണ്ട് എയർ ഇന്ത്യ വിമാനം റാഞ്ചിയതായുള്ള സന്ദേശമെത്തിയത്. തുടർന്ന് സബ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്വത്തിൽ എടിസി ടവറിൽ എയ്റോഡ്രോം കമ്മിറ്റി യോഗം ചേരുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
ഇതേ സമയം സിഐഎസ്എഫ് ഉദ്യോഗസ്ഥർ റാഞ്ചികളെ കീഴടക്കാനുള്ള നീക്കവും ആരംഭിച്ചു. ഉച്ചയക്ക് 12 ഓടെ റാഞ്ചികളെ കീഴടക്കിയെന്ന സന്ദേശം എടിസി ടവറിലെത്തി. ഇതിനു പിന്നാലെ വിമാനത്താവളത്തിൽ നടന്നത് ആന്റ-ഹൈജാക്ക് മോക്ക് എക്സര്സൈസാണെന്ന അറിയിപ്പു കൂടെ വന്നതോടെയാണ് അരമണിക്കൂറോളമുള്ള ആശങ്കയും ഭീതിയും ഒഴിവായത്.
തുടർന്ന് നടന്ന അവലോകനത്തിൽ എക്സര്‍സൈസ് വിജയകരമായിരുന്നെന്ന് സബ് കളക്ടര്‍ വിലയിരുത്തി. എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനികുമാര്‍ കണ്‍വീനര്‍ ആയിരുന്നു. ചീഫ് എയ്റോഡ്രോം സെക്യൂരിറ്റി ഓഫീസര്‍ നിതിന്‍ ത്യാഗി, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി. സതീഷ് ബാബു, എസിപി കെ.വി. പ്രമോദൻ, എഎഐ അസി. ജനറല്‍ മാനേജര്‍ ജോണ്സന് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, പ്രതിരോധം, സ്പെഷല്‍ ബ്യൂറോ, ഐബി, എൻഎസ്ജി, വിവിധ എയര്‍ലൈന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സികളുടെ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
വിമാനത്താവളത്തിൽ ഒരു വിമാനം റാഞ്ചുകയോ അല്ലെങ്കില്‍ ഏതെങ്കിലും റാഞ്ചപ്പട്ട വിമാനം ഇറങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടികളും അത്തരം സാഹചര്യത്തിൽ ഒരുക്കേണ്ട സജ്ജീകരണങ്ങളുടെയും അവലോകനമാണ് ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാനദണ്ഡം അനുസരിച്ചാണ് വർഷത്തിൽ ഒരു തവണ ഇത്തരം എക്സൈസ് നടത്തുന്നത്.