പുതിയ ഡിജിപി നിയമനം; പിണറായി-അമിത് ഷാ ബന്ധത്തിന്റെ തെളിവ്: രമേശ് ചെന്നിത്തല
1572367
Thursday, July 3, 2025 1:12 AM IST
കണ്ണൂർ: സംസ്ഥാനത്തെ പുതിയ ഡിജിപിയുടെ നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള കടുത്ത വഞ്ചനയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവും ആണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ട് സിപിഎം അന്ന് ആരുടെ പേരിനാണോ സമരം ചെയ്തത്, ആരേയാണോ പ്രതിപ്പട്ടികയിൽ ചേർക്കാൻ കിണഞ്ഞു ശ്രമിച്ചത്, അതേ ഉദ്യോഗസ്ഥനെ ഇന്ന് ഡിജിപിയായി നിയമിക്കുന്നത് രക്തസാക്ഷികളെ വഞ്ചിക്കുന്നതിന് തുല്യമാണ്. സ്വാശ്രയ കോളജു കൾക്കെതിരേ സമരം ചെയ്ത് അഞ്ച് യുവാക്കളുടെ ജീവൻ ബലി നല്കിയവർ, ഇന്ന് അതേ സ്വാശ്രയ നയങ്ങൾ സ്വീകരിക്കുകയും സ്വന്തമായി കോളജുകൾ നടത്തുകയും ചെയ്യുന്നു. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണ്.
ഈ വിഷയത്തിൽ പി. ജയരാജൻ സ്വീകരിക്കുന്നത് അഴകൊഴമ്പൻ നയമാണ്. ഒരേസമയം സർക്കാർ തീരുമാനത്തെ അംഗീകരിക്കുകയും എന്നാൽ തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യു ന്നത് വ്യക്തതയില്ലാത്ത സമീപനമാണ്. കൂത്തുപറമ്പ് സമരം ഒരു തെറ്റായിരുന്നു എന്ന് പരസ്യമായി സമ്മതിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും തയാറാകണം. അമിത് ഷായുമായി ഏറ്റവും അടുപ്പമുള്ള, കേന്ദ്രത്തിൽ സുപ്രധാന പദവികൾ വഹിച്ച ഒരു ഉദ്യോഗസ്ഥനെ ഡിജിപിയായി നിയമിക്കുന്നത് പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്. യാതൊരു വ്യക്തതയുമില്ലാതെ പദ്ധതികൾ നീട്ടിക്കൊണ്ടുപോവുകയാണ്. യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ വീട് നിർമിക്കാൻ പണം സമാഹരിച്ച് തയാറായിട്ടും സർക്കാർ ഭൂമി അനുവദിക്കാത്തതിനാൽ പദ്ധതികൾ വൈകുകയാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഭൂമി ലഭ്യമാക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും വേണം.
യൂത്ത് കോൺഗ്രസിന്റെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഒരു പരാതിയും നേതൃത്വത്തിന് ലഭിച്ചിട്ടി ല്ലെന്നും യൂത്ത് കോൺഗ്രസ് മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.