വൈശാഖോത്സവത്തിന് സമാപ്തി; ഇന്ന് വറ്റടി
1573005
Saturday, July 5, 2025 1:01 AM IST
കൊട്ടിയൂർ: ഒരു മാസം നീണ്ടു നിന്ന കൊട്ടിയൂർ വൈശാഖോത്സവം സമാപിച്ചു. ഇന്ന് വറ്റടി നടക്കും. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെ തൃക്കലശാട്ടചടങ്ങുകൾ ആരംഭിച്ചു. ഉത്സവസമാപനത്തിന്റെ ഭാഗമായി ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ നിക്ഷേപിച്ചു. കലശമണ്ഡപത്തിൽ നിന്ന് മണിത്തറയിലേക്ക് തിരുവഞ്ചിറ മുറിച്ചുള്ള പാത ഓടകൾ കൊണ്ട് പ്രത്യേകമായി വേർതിരിച്ചു.
തുടർന്ന് പ്രധാന തന്ത്രിമാർ സ്വർണം,വെള്ളി കുംഭങ്ങളിൽ പൂജിച്ചുവച്ച കളഭകുംഭങ്ങളുമായി വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് നീങ്ങിയ ശേഷം സ്ഥാനികരോടൊപ്പം മണിത്തറയിൽ പ്രവേശിച്ച് ബ്രാഹ്ണരുടെയും അടിയന്തിര യോഗക്കാരുടെയും സാന്നിധ്യത്തിൽ സ്വയംഭൂവിൽ അഭിഷേകം ചെയ്തു. അഭിഷേകത്തിന് ശേഷം ബ്രാഹ്മണർ ചേർന്ന് പുഷ്പാജ്ഞലി കഴിച്ച് തീർഥവും പ്രസാദവും ആടിയ കളഭവും ഭക്തർക്ക് നിൽകി. കുടിപതികൾ തിടപ്പള്ളിയിൽ കയറി നിവേദ്യചേറും കടുംപായസവും മുളക്, ഉപ്പ് എന്നിവ മാത്രം ചേർത്ത് കഴിക്കുന്ന തണ്ടുമ്മൽ ഊൺ എന്ന ചടങ്ങ് നടത്തി. തുടർന്ന് മുതിരേരിക്കാവിലേക്ക് ആദിപരാശക്തിയുടെ വാൾ തിരിച്ചെഴുന്നള്ളിച്ചു.
അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി ഭണ്ഡാരം ഇക്കരെക്ക് തിരിച്ചെഴുന്നള്ളിച്ചശേഷം സന്നിധാനത്ത് നിന്ന് എല്ലാവരെയും തിരിച്ചയച്ചു. ശേഷം യാത്രബലിയും നടത്തി പ്രധാന തന്ത്രി അക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ നിന്നും മടങ്ങി. ഓച്ചറും പന്തക്കിടാവും തന്ത്രിയെ അനുഗമിച്ചു. പാമ്പറപ്പാൻ തോട് വരെ നിശ്ചിത സ്ഥാനങ്ങളിൽ ഹവിസ് തൂവി കർമങ്ങൾ നടത്തിയശേഷം തട്ട് പന്തക്കിടാവിന് കൈമാറി തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരിൽ നിന്ന് പടിഞ്ഞാറേക്ക് നടന്നു നീങ്ങിയതോടെയാണ് വൈശാഖോത്സവത്തിന് സമാപനമായത്. ഇതിനു ശേഷം ബലിബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് ഇവിടെയുള്ള നിത്യപൂജകൾക്ക് തുടക്കം കുറിച്ചു.
ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇന്ന നടക്കുന്ന വറ്റടിയിൽ ജൻമശാന്തി പടിഞ്ഞീറ്റയും ഉഷകാപ്രവും അക്കരെ എത്തി സ്വയം ഭൂവിനെ അഷ്ടബന്ധം കൊണ്ട് മൂടും. തുടർന്ന് ഒരു ചെന്പ് ചോറ് നിവേദിച്ച് മടങ്ങും. ഇതോടു കൂടി അക്കരെ കൊട്ടിയൂർ സന്നിധാനം അടുത്ത വൈശാഖോത്സവം വരെയുള്ള 11 മാസം മനുഷ്യ സന്പർക്കമില്ലാതെയായിരിക്കും.