അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി: ഡിപിആർ സമർപ്പിക്കാൻ നിർദേശം
1573015
Saturday, July 5, 2025 1:02 AM IST
കണ്ണൂർ: ജില്ലയിൽ നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നിർവഹണ പുരോഗതി അവലോകന യോഗത്തിലാണ് കളക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയത്. പദ്ധതികൾക്ക് പെരിങ്ങോം-വയക്കര, പയ്യാവൂർ, പടിയൂർ, കൊട്ടിയൂർ, കേളകം, ചെറുപുഴ പഞ്ചായത്തുകൾ രണ്ടാഴ്ചക്കുള്ളിൽ ഡിപിആർ സമർപ്പിക്കാനും നിർദേശം നൽകി.
2021 മുതൽ 2025 വരെ വിവിധ പട്ടികവർഗ സെറ്റിൽമെന്റുകളിലായി നിർമിക്കുന്ന റോഡ്, കമ്യൂണിറ്റി ഹാൾ, ശ്മശാനം, വീട് നവീകരണം എന്നീ പദ്ധതികൾക്കുണ്ടാകുന്ന കാലതാമസം പഞ്ചായത്ത് തലത്തിൽ പരിഹരിക്കണമെന്ന് കളക്ടർ നിർദേശം നൽകി. പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്താത്തതിനാലാണ് റോഡുകളുടെ ഡിപിആർ സമർപ്പിക്കാൻ കഴിയാത്തതെന്ന് പയ്യാവൂർ, പെരിങ്ങോം-വയക്കര പഞ്ചായത്ത് സെക്രട്ടറിമാർ യോഗത്തിൽ ഉന്നയിച്ചു. എന്നാൽ, പദ്ധതിയിൽ ഉൾപ്പെടുന്ന വസ്തുക്കൾ ആസ്തിയിൽ ഉൾപ്പെടുത്തുന്ന നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ഡിപിആർ സമർപ്പിക്കുന്നതിനായി കാത്തിരിക്കുന്നത് പദ്ധതി നീളാൻ ഇടയാക്കുമെന്ന് കളക്ടർ പറഞ്ഞു.
പദ്ധതി ഡിപിആർ സമർപ്പിക്കുന്നത് വേഗത്തിലാക്കുകയും ഒപ്പം ആസ്തിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്നും കളക്ടർ നിർദേശം നൽകി. ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഐടിഡിപി ജില്ലാ പ്രോജക്ട് ഓഫീസർ കെ. ബിന്ദു, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.