കെഎസ്ഇബി ട്രാൻസ്ഗ്രിഡ് ഓഫീസിലേക്ക് മാർച്ച് നടത്തി
1573013
Saturday, July 5, 2025 1:02 AM IST
ഇരിട്ടി: വൈദ്യുതി മന്ത്രി പ്രഖ്യാപിച്ച 400 കെവി ലൈൻ നഷ്ടപരിഹാര പാക്കേജിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എടൂർ കെഎസ്ഇബി ട്രാൻസ്ഗ്രിഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എടൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഫ്ലാഗ്ഓഫ് ചെയ്തു. മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ധർണ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരത്ത് ജനപ്രതിനിധികളും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായി നടത്തിയ ധാരണക്ക് വിപരീദമായും ഏകപക്ഷീയമായവുമായ പാക്കേജ് പ്രഖ്യാപനത്തിനെതിരെ ആയിരുന്നു കർഷകരുടെ പ്രതിഷേധം. കർഷകർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകാതെ ഒരു വിധത്തിലും ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ രക്ഷാധികാരികൂടിയായി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ പറഞ്ഞു. ശതമാനത്തിന്റെ കണക്കു പറഞ്ഞ് കർഷകരെ വഞ്ചിക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും കൂട്ടിച്ചേർത്തു.
കൺവീനർ ബെന്നി പുതിയമ്പുറം, അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, ജിമ്മി അന്തീനാട്ട്, ജയിംസ് കണിച്ചാർ, ജോർജ് കുമ്പളാംകുഴി, സെബാസ്റ്റ്യൻ മുണ്ടയാനി, ജോസഫ് മണിക്കടവ്, ഷാജു ഇടശേരി എന്നിവർ പ്രസംഗിച്ചു.