വന്യമൃഗശല്യത്തിനും വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരേ ഒപ്പു ശേഖരണം
1573016
Saturday, July 5, 2025 1:02 AM IST
കേളകം: അടയ്ക്കാത്തോട് പ്രദേശത്ത് രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനും ചീങ്കണ്ണിപ്പുഴയുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ ശ്രമത്തിനുമെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനായി ജനകീയ കമ്മിറ്റി അടയ്ക്കാത്തോട് മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് കർഷകരുടെ ഒപ്പുശേഖരണം നടത്തി.ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന വിവിധ വാർഡുകളിലെ ജനങ്ങളുടെ ജനകീയ കൂട്ടായ്മയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയെന്ന് ജനകീയ കമ്മിറ്റി ചെയർമാൻ ചെട്ടിയാംപറന്പ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം പറഞ്ഞു.
കാട്ടാനകൾ തുടർച്ചയായി ആന പ്രതിരോധ മതിൽ ഭേദിച്ച സാഹചര്യത്തിൽ ആനമതിലിന്റെ ഉയരവും ദൈർഘ്യവും വർധിപ്പിക്കുക, കൊലയാളി മോഴയാനയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുക, ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശം കേളകം വില്ലേജിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകുന്നത്.
ജനകീയ കമ്മിറ്റി കൺവീനർ കബീർ പുത്തൻപുരയിൽ, കമ്മറ്റി അംഗങ്ങളായ എൻ.എ.താജുദ്ദീൻ, കെ.എ. ഷൗക്കത്തലി, കുഞ്ഞിമോൻ, കെ.എ. യാസീൻ, പി.എ. ബഷീർ, കെ.എ. അസൻകുട്ടി എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ അടയ്ക്കാത്തോട്, ശാന്തിഗിരി മേഖലകളിലെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഒപ്പു ശേഖരണം നടത്തും.