ലോറിയിലെത്തി കവർച്ച: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
1573007
Saturday, July 5, 2025 1:01 AM IST
തലശേരി: കോട്ടയത്തുനിന്ന് ലോറിയിലെത്തി മലബാറിലെ അഞ്ച് ജില്ലകളിൽ കവർച്ച നടത്തിവന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. അഞ്ചു ജില്ലകളിലായി 26 കേസുകളിൽ പ്രതിയായ ഇടുക്കി പുറപ്പുഴ കരിങ്കുന്നം തോണിക്കത്തടത്തിൽ ജോമോൻ ജോസഫിനെയാണ് (50) പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ സിഐ പി.ബി. സജീവനും സംഘവും തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വേഷംമാറി പ്രതിയുടെ വീടിന് സമീപം തമ്പടിച്ച പോലീസ് സംഘം പ്രതിയെ വലയിലാക്കുകയായിരുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാർഡ്വേർ ഷോപ്പുകളുടെ പുറത്തു സൂക്ഷിക്കാറുള്ള കമ്പികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കവർച്ച നടത്തിവന്ന സംഘത്തിലെ പ്രധാനിയായിരുന്നു ജോമോൻ ജോസഫെന്ന് പോലീസ് പറഞ്ഞു. 2012 മുതലാണ് ഈ സംഘം കവർച്ച നടത്തിയിരുന്നത്.
ഹാർഡ്വേർ ഷോപ്പുകളിലെ ഇരുമ്പ് കമ്പികൾ, വാട്ടർ ടാങ്ക്, തുടങ്ങിയ സാധനങ്ങൾ കടയ്ക്ക് പുറത്താണ് സൂക്ഷിക്കുക. ഈ സാധനങ്ങളാണ് ലോറിയിലെത്തി സംഘം കവർന്നിരുന്നത്. പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ കവർച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ജെ. ജയദേവ്, പ്രജോദ്, സുഭാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.