കെഎസ്ഇബിക്ക് കൊള്ളലാഭം; കർഷകന് കോടികളുടെ നഷ്ടം
1573006
Saturday, July 5, 2025 1:01 AM IST
ഇരിട്ടി: 400 കെവി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സർക്കാർ ഏകപക്ഷീയമായി പാക്കേജ് പ്രഖ്യാപിച്ചതിൽ കർഷകർക്കിടയിൽ പ്രതിഷേധം കനക്കുന്നു. വയനാട് - കരിന്തളം പവർ ഹൈവേയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കാൻ കർമസമിതിയും ജനപ്രതിനിധികളും ചേർന്ന് സമർപ്പിച്ച പാക്കേജ് തള്ളിക്കൊണ്ട് വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാക്കേജിനെതിരെയാണ് വ്യാപകമായി പ്രതിഷേധം ഉയരുന്നത്.
125 കിലോ മീറ്റർ പദ്ധതിക്ക് 1500 ഏക്കർ കൃഷിഭൂമിയാണ് നഷ്ടപ്പെടുന്നത്. 40 മീറ്റർ വീതിയിൽ കടന്നുപോകുന്ന ലൈൻ കണ്ണൂർ ജില്ലയിൽ കണിച്ചാർ, കേളകം, ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പയ്യാവൂർ, ഏരുവേശി, ആലക്കോട് തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. ഫലഭൂയിഷ്ടമായ കൃഷി സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതി കർഷകന് വലിയ നാശനഷ്ടമാണ് വരുത്തുന്നത്.
നഷ്ടപരിഹാര പാക്കേജുകൾ
കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുന്നതിന് 2016 ലാണ് പദ്ധതി ആരംഭിച്ചത്. രണ്ട് വർഷം മുന്പാണ് നിർമാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി കർഷകരെ സമീപിക്കുന്നത്. കൃഷിയിടത്തിൽ കയറി ടവർ ലൊക്കേഷൻ ഉൾപ്പെടെ മാർക്ക് ചെയ്യാൻ എത്തിയ കെഎസ്ഇബി അധികൃതരെ ജനങ്ങൾ പലതവണ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യയവിലയുടെ രണ്ട് ഇരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ന്യായ വിലയുടെ 15 ശതമാനവും ആയിരുന്നു ആരംഭഘട്ടത്തിൽ കെഎസ്ഇബി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ്.
ഇതിനെതിരെ കർഷകർ കർമസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുക യായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥതലത്തിലും മന്ത്രി തലത്തിലും ചർച്ചകൾ നടന്നെകിലും കൂടുതൽ പുരോഗതി ഉണ്ടായില്ല. രണ്ട് വർഷമായി പദ്ധതി മുടങ്ങിയതോടെ കെഎസ്ഇബി നഷ്ടപരിഹാരത്തിന് കർണാടക പാക്കേജ് അവതരിപ്പിച്ചെങ്കിലും കർഷകരും കർമസമിതിയും ഇത് പൂർണമായും തള്ളിയിരുന്നു. കർണാടക പദ്ധതി പ്രകാരം ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനം ടവറിനും ന്യായവിലയുടെ രണ്ട് ഇരട്ടിയുടെ 15 ശതമാനവും ആയിരുന്നു നഷ്ടപരിഹാരം. ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് നഷ്ടം കണക്കാക്കാൻ കെഎസ്ഇബിയും കർമസമിതിയും തമ്മിൽ ധാരണയാകുന്നത്.
ജൂലൈ രണ്ടിലെ ചർച്ച
നഷ്ടപരിഹാരത്തിന്റെ കണക്കെടുപ്പ് 75 ശതമാനത്തിൽ അധികം പൂർത്തിയായപ്പോഴാണ് ജൂലൈ രണ്ടിന് മന്ത്രിയുടെ നേതൃത്വത്തിൽ നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് ചർച്ചചെയ്യാൻ തിരുവനന്തപുരത്ത് ചർച്ച നടത്തിയത്. ചർച്ചയിൽ കർമസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ ഒന്നും പരിഗണിക്കാതെ ആയിരുന്നു പാക്കേജ് പ്രഖ്യാപനം. കർമസമിതി മുന്നോട്ടുവച്ച അലൈൻമെന്റ് മാറ്റം ഉൾപ്പെടെ യാതൊരു ചർച്ചയും അംഗീകരിച്ചില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കർമസമിതിയും കർഷകരും ഉയർത്തുന്നത്. പ്രഖ്യാപനത്തിൽ ലൈൻ കടന്നുപോകുന്ന സ്ഥലത്തെ വീടിന് രണ്ട് ലക്ഷവും കുറഞ്ഞ ന്യായവില 7000 രൂപയുമായി ഉയർത്തുക മാത്രമാണ് കർമസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ പരിഗണിച്ചത്.
കർഷകർ മുന്നോട്ടുവച്ച
പാക്കേജ്
കർമസമിതിയുടെ നേതൃത്വത്തിൽ കർഷകർ മുന്നോട്ടുവച്ച നഷ്ടപരിഹാര പാക്കേജ് ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരു ലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50000 രൂപയും വേണമെന്നതായിരുന്നു. സ്ഥലത്തിന്റെ ന്യായവിലയും മാർക്കറ്റ് വിലയും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതാണ് കർഷകരെ നഷ്ടത്തിലാക്കാൻ കാരണം. കൂടാതെ ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് അടിയിൽ വരുന്ന വീടുകളുടെ നഷ്ടപരിഹാരം, ലൈൻ അലൈൻമെന്റ് മാറ്റം ഉൾപ്പെടെ കർഷകർ മുന്നോട്ടുവച്ചിരുന്നു. സെന്റിന് ഒന്നുമുതൽ അഞ്ച് ലക്ഷം രൂപവരെ വിലയുള്ള സ്ഥലങ്ങൾക്കാണ് തുച്ഛമായ വില നിർണയിച്ച് കർഷകരെ കബിളിപ്പിക്കാൻ ശ്രമിക്കുന്നത്.
കെഎസ്ഇബി അറിയിക്കുന്ന നഷ്ടപരിഹാരം സെന്റിനല്ല ആറിനാണെന്നതും നഷ്ടപരിഹാരം തുച്ഛമാകുന്നതിന് കാരണമാകുന്നു. നിലവിൽ കാർഷിക വിളകൾക്ക് കൂടുതൽ തുക ലഭിക്കുന്നുവെന്നത് മാത്രമാണ് ഏക നേട്ടം. എങ്കിലും ഇത് രണ്ടും ചേർത്താലും കർഷകന്റെ യഥാർഥ നഷ്ടത്തിന് ഒപ്പമാകില്ല എന്നതാണ് യാഥാർഥ്യം. ലൈൻ കടന്നുപോകുന്നതിന് സമീപത്തെ സ്ഥലങ്ങൾക്കും മൂല്യം ഇല്ലാതാകുന്നുവെന്നതും കർഷകരെ അലട്ടുന്ന മറ്റൊരു വിഷയമാണ്. നിലവിൽ പ്രഖ്യാപിച്ച പാക്കേജ് പ്രകാരം നാലു കോടി രൂപ മാർക്കറ്റ് വിലവരുന്ന സ്ഥലം നഷ്ടമാകുന്ന കർഷകർക്ക് ലഭിക്കുന്നത് ഒരു കോടി രൂപയിൽ താഴെ മാത്രമാണ്.
പദ്ധതി തുകയിൽ വർധന?
ആരംഭത്തിൽ 500 കോടി രൂപയായിരുന്ന പദ്ധതി തുക 930 കോടിയായി ഉയർത്തിയിരുന്നു. വീണ്ടും 1000 കോടിക്ക് മുകളിലേക്ക് ഉയർത്തിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ന്യായമായ നഷ്ടപരിഹാരം ലഭിച്ചാൽ ഭൂമി വിട്ടുനൽകാൻ കർഷകർ തയ്യാറാണ്. എന്നാൽ, വില നൽകാതെ കബളിപ്പിക്കാനുള്ള തീരുമാനത്തെ കർഷകരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ്. കേന്ദ്ര സർക്കാരിന്റെ ഗ്യാരണ്ടിയിൽ ജർമൻ ബാങ്കാണ് പദ്ധതിക്ക് വായ്പ നൽകുന്നത്.