ആരോഗ്യമന്ത്രാലയം അഴിമതിയുടെ കൂത്തരങ്ങ്: രമേശ് ചെന്നിത്തല
1573012
Saturday, July 5, 2025 1:02 AM IST
കാഞ്ഞങ്ങാട്: ആരോഗ്യമന്ത്രാലയം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറിയെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവന് യാതൊരു വിലയും ഈ സര്‍ക്കാര്‍ കല്പിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ജനുവരി 25നു സിഎജി നിമസഭയില്‍ സമര്‍പ്പച്ച റിപ്പോര്‍ട്ടിലെ ഒരു പ്രധാന ഭാഗം. സര്‍ക്കാര്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്തുവെന്നാണ് ഇതിലെ ആരോപണം. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഹോള്‍സെയിലര്‍മാര്‍ തിരിച്ചയയ്ക്കുന്ന ഉപയോഗശൂന്യമായ മരുന്നുകള്‍ സര്‍ക്കാര്‍ കോടികള്‍ കമ്പനികള്‍ക്കു നല്കി വാങ്ങിക്കൂട്ടി. ഇതുവഴി കമ്പനികള്‍ക്ക് കോടികളുടെ ലാഭം. ഇടനില നിന്നവര്‍ക്ക് കോടികളുടെ കമ്മീഷന്. ഒരു പക്ഷേ ആ കാലഘട്ടത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരണപ്പെട്ട പാവപ്പെട്ട പല രോഗികളും ഈ കാലാവധി കഴിഞ്ഞ മരുന്നു കഴിച്ചു മരിച്ചവരാകാം. എന്നാല്‍ ഇതേപ്പറ്റി ഒരു അന്വേഷണം പോലും ഈ നിമിഷം വരെയും നടന്നിട്ടില്ല.ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയാതെ ഒരു മൊട്ടുസൂചി പോലും ഒറ്റ സര്‍ക്കാര്‍ ആശുപത്രികളിലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കോടിക്കണക്കിന് രൂപയുടെ സാമഗ്രികളാണ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടുന്നത്.
കോടിക്കണക്കിന് രൂപ നല്കി വാങ്ങിയ മെഷീനുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗശൂന്യമായി ഇരിക്കുകയും ജനത്തിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു. സ്വകാര്യ ലാബുകള്‍ക്ക് ലാഭമുണ്ടാക്കാനള്ള ഈ കള്ളക്കളിക്ക് മന്ത്രിയുടെ ഓഫീസ് കൂട്ടുനില്‍ക്കുകയാണ്. അതുപോലെ ഈ മെഷീനുകള്‍ക്കുള്ള ആനുവല്‍ മെയിന്റന്‍സ് കോണ്‍ട്രാക്ടുകള്‍ക്കുള്ള തുക നല്‍കില്ല. അതോടെ ഗ്യാരണ്ടി പിരീഡ് കഴിയുന്ന മുറയ്ക്ക് ഈ മെഷീനുകള്‍ ഉപയോഗശൂന്യമാകും. സര്‍ക്കാര്‍ വീണ്ടും പുതിയ മെഷീനുകള്‍ വീണ്ടും കോടികള്‍ നല്കി വാങ്ങും. എന്നിട്ട് കമ്മിഷന് കൈപ്പറ്റും. ഇതു കമ്മീഷന് രാജ് ആണ്.
സാധാരണക്കാരന്റെ ജീവന് വെച്ചാണ് ഇവര്‍ കളിക്കുന്നത്. കോട്ടയം സംഭവത്തോടെ ഡോ.ഹാരിസ് പറഞ്ഞത് ആരോഗ്യരംഗത്തെ അപചയത്തിന്റെ ഒരു ചെറു കണിക മാത്രമാണ് എന്നു ജനത്തിന് ബോധ്യപ്പെട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.