നടനാക്കിയത് പുസ്തകങ്ങളും വായനശാലകളും: ഇന്ദ്രൻസ്
1573539
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: പുസ്തകങ്ങൾ തന്ന അറിവുകൾ വച്ചാണ് ലോകം കാണുന്നതും സിനിമയിൽ അഭിനയിക്കു ന്നതെന്നും ഒരുപാട് പുസ്തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ താൻ മോഷ്ടിച്ച് അഭിനയിക്കാ റുണ്ടെന്നും സിനിമാതാരം ഇന്ദ്രൻസ്. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ 2024 ലെ പീപ്പിൾസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തനിക്കറിയാവുന്നതിൽ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ വായന ശീലമുള്ള വ്യക്തിയാണ് ഇന്ദ്രൻസ് എന്ന് സാഹിത്യകാരൻ ടി. പദ്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പീപ്പിൾസ് മിഷൻ ചെയർമാനുമായ ഡോ. വി ശിവദാസൻ എംപി അധ്യക്ഷത വഹിച്ചു.
മയ്യിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും, പെരളം എകെജി വായനശാലയുമാണ് മികച്ച വായനശാല കളായി തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി സി മാധവൻ സ്മാരക വായനശാല സെക്രട്ടറി വി. പ്രദീപൻ മികച്ച ലൈബ്രറി സെക്രട്ടറിക്കുള്ള അവാർഡിന് അർഹമായി. ചെറുതാഴം ഭഗത് സിംഗ് സാംസ്കാരിക വേദി ലൈബ്രേറിയൻ പി. വിപിനയാണ് മികച്ച ലൈബ്രേറിയൻ.
ടി. പദ്മനാഭനും ഇന്ദ്രൻസും ചേർന്ന് ഇവർക്കുള്ള പുരസ്കാരദാനം നിർവഹിച്ചു. തുടർന്ന് ടി. പദ്മനാഭനെയും ഇന്ദ്രൻസിനെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലും ചേർന്ന് ആദരിച്ചു.
ഗ്രാമീണ മേഖലയിലെ എ പ്ലസ് ഡിജിറ്റൽ എസി ലൈബ്രറിയും 40 ൽ അധികം അവാർഡുകൾ കരസ്ഥമാക്കിയ ലൈബ്രറിയാണ് മയ്യിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം. രക്ത ദാനം, യോഗ ക്യാമ്പ്, റീഡിംഗ് തിയേറ്റർ എന്നിങ്ങനെ നിരവധി പ്രവർത്തങ്ങൾ നടത്തുന്ന വായനശാലയാണ് പെരളം എകെജി വായനശാല. വിവിധ ലൈബ്രറികൾക്ക് 10,000 രൂപ വിലയുള്ള പുസ്തകങ്ങൾ കൈമാറി.