ഫാ. സ്റ്റാൻ സ്വാമി മനുഷ്യാവകാശങ്ങൾക്ക് നിലകൊണ്ട വ്യക്തിത്വം: ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി
1573543
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: ആദിവാസികൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടേതെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിഷേൻ (കെഎൽസിഎ) കണ്ണർ രൂപതയുടെ നേതൃത്വത്തിൽ ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്നേഹത്തിന്റെ ഉത്തമ പ്രതീകമാണ്. അനേകർക്ക് പ്രചോദനമായ അദ്ദേഹം മനുഷ്യഹൃദയങ്ങളിൽ കാലങ്ങളോളം ജീവിക്കുമെന്നും ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. ബിഷപ്പിന്റെ നേതൃത്വത്തിൽ സ്റ്റാൻ സ്വാമിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
കെ എൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സെൻ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെഎൽസിഎ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, കെഎൽസി ഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ഷേർലി സ്റ്റാൻലി, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ട്രഷറർ ക്രിസ്റ്റഫർ കല്ലറയ്ക്കൽ, കെ.എച്ച്. ജോൺ, എലിസബത്ത് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.