വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് ബസുടമകൾ
1573508
Sunday, July 6, 2025 8:06 AM IST
കണ്ണൂര്‍: 13 വർഷമായിട്ടും വിദ്യാര്‍ഥികളുടെ ബസ് നിരക്ക് കൂട്ടാത്തതിനെതിരെ ബസുടമകൾ സമരത്തിലേക്ക്. ഒരു രൂപയാണ് ഇപ്പോഴും മിനിമം നിരക്ക്. മിനിമം അഞ്ച് രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
ബസ് വ്യാവസായം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ മൂന്ന് കമ്മീഷനുകളെ നിയമിച്ചിരുന്നു. മൂന്ന് കമ്മീഷനുകളും വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കാതെ ബസ് വ്യവസായം മുന്നോട്ട് പോകില്ലെന്ന് റിപ്പോർട്ട് നല്‍കിയിരുന്നു. ഇത് നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്ന് ബസുടമകൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. തകര്‍ന്നുകൊണ്ടിരിക്കുന്ന ബസ് വ്യവസായത്തെ ദ്രോഹിക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സ്വകാര്യ ബസുകളില്‍ വലിയ വില വരുന്ന ഫെറ്റിഗോ ഡിറ്റക്ഷന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ബസുടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവില്‍ ഭൂരിഭാഗം സ്വകാര്യ ബസുകളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്പീഡ് ഗവര്‍ണര്‍, ജിപിഎസ് തുടങ്ങിയവയുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ നടത്തുന്ന അശാസ്ത്രീയ പരിഷ്കരണങ്ങള്‍ ഒഴിവാക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സ്പോട്ട് ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച എട്ടിന് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കും. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. പത്രസമ്മേളനത്തിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികളായ രാജ്കുമാര് കരുവാരത്ത്, കെ. ഗംഗാധരന്, കെ. വിജയന്, പി.കെ. പവിത്രന് എന്നിവര്‍ പങ്കെടുത്തു.