കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റ സംഭവം; സ്വകാര്യ ബസ് ക്ലീനർക്ക് കഠിന തടവും പിഴയും
1573527
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: കാസർഗോഡ്-കണ്ണൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ് ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തി പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. സ്വകാര്യ ബസ് ക്ലീനറായിരുന്ന മാതമംഗലം പെടേന കീരന്റകത്ത് നൗഷാദ് (39) നെയാണ് 332 ഐപിസി, 3(1)(a)പിഡിപിപി വകുപ്പ് പ്രകാരം ഒരുവർഷം കഠിന തടവിനും 5000 രൂപ പിഴയും ഡ്യൂട്ടി തടസപ്പെടുത്തി യതിന് ഒരു വർഷം വെറും തടവിനും ശിക്ഷിച്ചത്.
ജാമ്യസമയം കെട്ടിവച്ച 20,000 രൂപ കെഎസ്ആർടി സിക്ക് നഷ്ടപരിഹാരമായി നല്കാനും കണ്ണൂർ അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എൻ.എസ്. രഘുനാഥ് വിധിച്ചു. എന്നാൽ 308 വകുപ്പിൽ പ്രതി കുറ്റക്കാരൻ അല്ലെന്നു കണ്ട് നൗഷാദിനെ കോടതി ഒഴിവാക്കി.
തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു ഏഴു സാക്ഷികളെയും 12 രേഖകളും ഹാജരാക്കിയിരുന്നു.
2018 നവംബർ നാലിന് രാത്രി 9.45 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ -കാസർഗോഡ് റൂട്ടിലോടുന്ന കെ.എൽ15 - 9935 നമ്പർ ബസ് ഏഴാം മൈൽ എത്തിയ പ്പോൾ പ്രതി കല്ലുമായി റോഡിൽ കയറി ബസിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ മുന്നിലെ ഗ്ലാസ് തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
അന്നത്തെ തളിപ്പറമ്പ് എസ്ഐ കെ. ദിനേശനാണ് അന്വേഷണം നടത്തി പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. രാജേന്ദ്ര ബാബു ഹാജരായി.