സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഭക്ഷ്യമന്ത്രിയുടെ മിന്നൽ പരിശോധന
1573522
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ മിന്നൽ പരിശോധന. ഇന്നലെ രാവിലെ 9.45 ഓടെയാണ് കണ്ണൂർ ഫോർട്ട് റോഡ് സപ്ലൈകോ പീപ്പിൾസ് ബസാറിൽ മന്ത്രി പരിശോധനയ്ക്കെത്തിയത്.
സാധനങ്ങളുടെ ലഭ്യതയും ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളും മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. കണ്ണൂർ ഡിപ്പോയ്ക്കു കീഴിൽ നേരിടുന്ന വെളിച്ചെണ്ണ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
കയറ്റിറക്ക് തൊഴിലാളി വിഷയവുമായി ബന്ധപ്പെട്ട് വെളിച്ചെണ്ണ ലഭിക്കുന്നില്ലെന്ന കാര്യം പീപ്പിൾസ് ബസാർ മാനേജർ ചൂണ്ടിക്കാട്ടിയിരുന്നു. സപ്ലൈകോ വില്പന കൂടുന്നത് ജനങ്ങൾക്ക് ആശ്വാസമേകുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.എല്ലാ ഔട്ട്ലെറ്റുകളിലും നിലവിൽ ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കുണ്ട്. ഓണ വിപണി മുന്നിൽ കണ്ട് സപ്ലൈകോ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.