വെയിംഗ് മെഷീനിൽ കൃത്രിമം നടത്തി സ്ക്രാപ്പ് വില്പന; നാലുപേരെ വളപട്ടണം പോലീസ് അറസ്റ്റ്ചെയ്തു
1573521
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: എൻഎച്ച് 66 നിർമാണ കമ്പനിയായ വിശ്വ സമുദ്ര എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പിനിശേരിയിലെ സ്ക്രാപ്പ് യാർഡിൽ നിന്ന് സ്ക്രാപ്പ് വില്പനയ്ക്കിടെ തൂക്കത്തിൽ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ.
വിശ്വസമുദ്രയിലെ ജീവനക്കാരായ പി. വിഗ്നേഷ്, എസ്. രമേഷ്, ജി. വെങ്കടേഷ്, എൻ. സുനിൽ എന്നിവരെയാണ് വളപട്ടണം എസ്ഐ ടി.എൻ. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
ഇവരെ കൂടാതെ മുഖ്യപ്രതികളായ ആന്ധ്രാ സ്വദേശിയും മുൻ ജീവനക്കാരനുമായ കെ. മന്മദറാവു, സ്ഥാപനത്തിൽനിന്ന് സ്ക്രാപ്പ് വാങ്ങിക്കുന്ന ഡെൽറ്റ പവർ, എആർ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഏജന്റായ മുഹമ്മദലി എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
എട്ടു മാസത്തോളമായി സംഘം നടത്തിയ തട്ടിപ്പിൽ കന്പനിക്ക് ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. വെയിംഗ് മെഷീനിൽ അൾട്രേഷൻ നടത്തി തൂക്കത്തിൽ കുറവ് കാണിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സിസിടിവി, കന്പനിയുടെ അക്കൗണ്ട് എന്നിവ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. അന്വേഷണ സംഘത്തിൽ എസ്ഐ സുരേഷ് ബാബു, സിപിഒമാരായ തിലകേഷ്, സുമിത്ത് എന്നിവരുമുണ്ടായിരുന്നു.