അസ്ന വിവാഹിതയായി; അനുഗ്രഹം ചൊരിഞ്ഞ് നാടൊന്നാകെ
1573542
Sunday, July 6, 2025 8:06 AM IST
കൂത്തുപറമ്പ്: ഡോ. അസ്ന ഇനി പുതുജീവിതത്തിലേക്ക്. രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി പൂവ്വത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് ഇന്നലെ അസ്നയുടെ കഴുത്തിൽ താലികെട്ടിയത്. നിരവധിപേരാണ് ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.
കലുഷിതമായ അക്രമരാഷ്ട്രീയത്തിന്റെ അതിജീവന കഥയാണ് അസ്നയുടേത്. ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് കളിപ്പാട്ടങ്ങള്‍ക്കു നടുവിലേക്ക് വീണൊരു ബോംബാണ് അസ്നയുടെ വലതുകാല്‍ തകർത്തത്. അമ്മ ശാന്തയ്ക്കും അനുജന് ആനന്ദിനും അന്ന് ഗുരുതരമായി പരിക്കേറ്റു. വീഴാനൊരുക്കമല്ലാതിരുന്ന അസ്നയുടെ ഓരോ ചുവടിലും നാടൊന്നാകെ കരുത്തു പകര്‍ന്നു. രാഷ്ട്രീയ വൈരത്തെ സ്നേഹം കൊണ്ടവര്‍ തോല്പിച്ചുകൊണ്ടേയിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 2013 ൽ അസ്ന എംബിബിഎസ് നേടി.അന്ന് രാഷ്ട്രീയ സംഘർഷം നടന്ന പൂവത്തൂര്‍ എല്‍പി സ്കൂളിനു മുന്നിലായി ഒരുക്കിയ പന്തലിലാണ് അസ്ന വിവാഹിതയായത്. വിവാഹദിനത്തിൽ അനുഗ്രഹം നൽകാൻ അച്ഛന് നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നയ്ക്ക് ബാക്കിയുള്ളത്. ദമ്പതികളെ ആശീർവദിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എഐസിസി അംഗം വി.എ. നാരായണൻ, കെപിസിസി സെക്രട്ടറി സജീവ് മാറോളി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി അംഗം വി. സുരേന്ദ്രൻ, ഡിസിസി സെക്രട്ടറി ഹരിദാസ് മൊകേരി, കെപിഎസ്ടിഎ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, കണ്ണൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ, ആർജെഡി ജില്ലാ സെക്രട്ടറി എൻ. ധനഞ്ജയൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു