നാരങ്ങക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന്; മധ്യവയസ്കൻ അറസ്റ്റിൽ
1573520
Sunday, July 6, 2025 8:06 AM IST
പാപ്പിനിശേരി: വാഹനത്തിൽ ചെറുനാരങ്ങയും പച്ചക്കറികളും വിൽക്കുന്നതിന്റെ മറവിൽ വീട് വാടകയ്ക്കെടുത്ത് മെത്താഫിറ്റമിൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിൽക്കുന്നയാൾ പിടിയിൽ.പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശി പി. കുഞ്ഞി അഹമ്മദിനെയാണ് (52) 3.562 ഗ്രാം മെത്തഫിറ്റമിനുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പാപ്പിനിശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജസീർ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വെങ്ങരയിൽ വാടക വീടെടുത്തായിരുന്നു മയക്കുമരുന്ന് കച്ചവടം. ലോറി ഡ്രൈവർ എന്ന നിലയിൽ അന്യസംസ്ഥാനങ്ങളിൽ പോയി ചെറുനാരങ്ങ, പച്ചക്കറികൾ എന്നിവയ്ക്കൊപ്പമാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നത്. കോളജ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് മയക്കുമരുന്ന് വില്പന നടത്തിയതായി കണ്ടെത്തി.
വാടക വീട്ടിൽ ലഹരിപാർട്ടികൾ നടത്താറുണ്ടെന്നും യുവതികളടക്കം എത്താറുണ്ടെന്നും എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ഉത്തരമേഖല എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഒരു മാസമായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എം.കെ. സജിത്ത്കുമാർ, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പി.പി. രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സനിബ്, എം.കെ. വിവേക്, വനിതാ എക്സൈസ് ഓഫീസർ കെ.വി. ഷൈമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.