കണ്ണൂർ സെൻട്രൽ ജയിലിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു; മൂന്നു പേർക്കു പരിക്ക്
1573625
Monday, July 7, 2025 1:24 AM IST
കണ്ണൂർ: സെൻട്രൽ ജയിലിനു സമീപം ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ടുപേരടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. കാർ യാത്രികരായ മുണ്ടയാട് സ്വദേശി സുജാത (63), കാർ ഓടിച്ചിരുന്ന ഇവരുടെ മകൻ സുജിൽ രാജ് (35) എന്നിവർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ സുജാതയെ കണ്ണൂർ എകെജി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സുജിൽ രാജിനെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. പരിക്കേറ്റ ലോറി ഡ്രൈവറും ചികിത്സയിലാണ്.
പെരുന്പാവൂരിൽനിന്ന് പ്ലൈവുഡുമായി വളപട്ടണത്തേക്കു വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും പുതിയതെരു ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിനു മുന്നിൽ ഗ്യാസ് പൈപ്പ് ലൈൻ ഇടാനായി കുഴിച്ച കുഴി വെട്ടിക്കുന്നതിനിടയിൽ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇതോടെ ബ്രേക്കിട്ട ലോറി ഒരു വശത്തേക്ക് മറിഞ്ഞു. അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് രാവിലെ 10 വരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മറിഞ്ഞ ലോറിയിലെ പ്ലൈവുഡ് നീക്കം ചെയ്ത ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തിയതോടെയാണ് ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനായത്.