ജന്തുജന്യരോഗങ്ങൾ തടയാൻ നിരീക്ഷണവും ബോധവത്കരണവും അനിവാര്യം: കെ.കെ. ശൈലജ
1573618
Monday, July 7, 2025 1:24 AM IST
കണ്ണൂർ: മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളുടെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവ തടയാൻ രോഗനിരീക്ഷണവും ബോധവത്കരണവും അനിവാര്യമാണന്ന് കെ.കെ. ശൈലജ എംഎൽഎ.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ലോകജന്തുജന്യരോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ രോഗാണുക്കളുടെ സ്രോതസ് കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് പകർച്ചവ്യാധികൾക്ക് പകർന്നുപിടിക്കാൻ അനുകൂല സാഹചര്യങ്ങൾ ഏറെയാണ്. ജനസംഖ്യയിലെ ഉയർന്ന വയോജന അനുപാതവും ജനങ്ങളുടെ നിരന്തര സഞ്ചാരവുമെല്ലാം രോഗവ്യാപനവും ആഘാതവും തീവ്രമാക്കും. രോഗപ്രതിരോധത്തിന് ഏകാരോഗ്യസമീപനം ആവശ്യമാണെന്നും അവർ പറഞ്ഞു.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാതല ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും സുവനീർ പ്രകാശനവും കെ.കെ. ശൈലജ നിർവഹിച്ചു.
ദിനാചരണ ഭാഗമായുള്ള സെമിനാർ കണ്ണൂർ മെഡിക്കൽ കോളജ് പ്രഫ. ഡോ. വി.കെ. പ്രമോദ്, മൃഗസംരക്ഷണ വകുപ്പ് സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ഡി. സഞ്ജയ് എന്നിവർ നയിച്ചു.
ഡോ. പി.കെ. പത്മരാജ് മോഡറേറ്ററായിരുന്നു.
വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. വി.കെ.പി. മോഹൻ കുമാർ, സംസ്ഥാന വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.ആർ. ബിനു പ്രശാന്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.എം. അജിത, അസോസിയേഷൻ ഭാരവാഹികളായ ഡോ. കെ. ജയരാജ്, ഡോ. എ. ഇർഷാദ്, ഡോ. ബീറ്റു ജോസഫ്, ഡോ. കെ. ഷൈനി, ഡോ. കെ.വി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.